തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; ഡിസംബർ 8, 10, 14 തീയതികളിൽ

election_

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖഅയാപിച്ചു. ഡിസംബർ 8, 10, 14 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബർ 16 ന് വോട്ടണ്ണെൽ നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.

ഒന്നാം ഘട്ടം- ഡിസംബർ 8 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം- ഡിസംബർ 10 കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം- ഡിസംബർ 14 കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തെരഞ്ഞെടുപ്പെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരൻ വ്യക്തമാക്കി.

941 പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. അഡീഷ്ണല്‍ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.

കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കിൽ ക്വാറന്റൈനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതൽ നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബർ 20ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23നാണ്.

സ്ഥാനാർത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക ഗ്രാമപഞ്ചായത്തുകളില്‍ 1000, ബ്ലോക്ക്പഞ്ചായത്ത് 2000, ജില്ലാ പഞ്ചായത്ത് 3000, മുനിസിപ്പാലിറ്റി 2000, കോര്‍പ്പറേഷന്‍ 3000 എന്നിങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയും ഉയര്‍ത്തി. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ 1.5 ലക്ഷം രൂപയും ഇത്തവണ ചെലവഴിക്കാം.

Exit mobile version