വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി കാട്ടുപന്നികള്‍, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, പേടിച്ച് വിറച്ച് വീട്ടുകാര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂരാച്ചുണ്ട്: അപ്രതീക്ഷിതമായി വീടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് രണ്ട് കാട്ടുപന്നികള്‍ ഓടിക്കയറിയത്. നാട്ടുകാര്‍ പിന്നീട് പന്നികളെ വെടിവെച്ചുകൊന്നു.

വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടുപന്നികള്‍ കിടപ്പുമുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. മുന്‍വാതില്‍ വഴിയാണ് പന്നികള്‍ അകത്തേക്ക് കയറിയത്. ഈ സമയം, കെ.എസ്.ഇ.ബി. ജീവനക്കാരനായ മോഹനനും ഭാര്യ ലീലാമ്മയും മകന്‍ അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്.

പന്നികളെക്കണ്ട് പേടിച്ച് വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പന്നികള്‍ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയതിനുശേഷം വാതില്‍ താനേ അടഞ്ഞുപോകുകയായിരുന്നു. വാതില്‍ പൂട്ടി പുറത്തിറങ്ങിയ വീട്ടുകാര്‍ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു.

പുറത്തിറങ്ങാന്‍ കഴിയാതായതോടെ പന്നികള്‍ മുറിയിലെ കിടക്ക കുത്തിക്കീറി നശിപ്പിക്കുകയും ഫര്‍ണീച്ചറുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പുറത്ത് ആളുകള്‍ ജനലഴികളില്‍ക്കൂടി നോക്കാന്‍ ശ്രമിക്കുന്നത് പോലീസുകാര്‍ പാടുപെട്ടാണ് തടഞ്ഞത്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ തോക്കിന് ലൈസന്‍സ് ലഭിച്ച ചക്കിട്ടപാറയിലെ കര്‍ഷകനായ മുക്കള്ളില്‍ ഗംഗാധരനെത്തി 10.45-ന് ഒരു പന്നിയെ ജനലഴികള്‍ക്കുള്ളിലൂടെ വെടിവെച്ചുകൊന്നു. അദ്ദേഹം മൂന്ന് തവണ വെടിവെച്ചതിനുശേഷമാണ് രണ്ടാമത്തെ പന്നി ചത്തത്.

Exit mobile version