കോഴിക്കോട്ടെ കെഎം ഷാജി എംഎൽഎയുടെ വീട് 1.6 കോടി രൂപ വിലമതിക്കുന്നത്; മൂന്നാം നില മുഴുവനായും ചില നിർമ്മാണവും അനധികൃതം: കോഴിക്കോട് കോർപ്പറേഷൻ

km shaji

കോഴിക്കോട്: നഗരത്തിലുള്ള കെഎം ഷാജി എംഎൽഎയുടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോർപ്പറേഷൻ കണ്ടെത്തി. ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കോഴിക്കോട് കോർപ്പറേഷൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) റിപ്പോർട്ട് നൽകി. 3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽനിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് കോർപ്പറേഷന്റെ അളവെടുപ്പിൽ വ്യക്തമായത്.

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കെഎം ഷാജി എംഎൽഎയുടെ ആസ്തിവകകൾ പരിശോധിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായാണ് അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങളോട് ഇഡി ആവശ്യപ്പെട്ടത്.

കണ്ണൂർ ചാലാടുള്ള വീടിന്റെ റിപ്പോർട്ട് ചിറയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ, കോഴിക്കോട് കോർപറേഷൻ പരിധിയിൽ വരുന്ന വീടിന് 1.6 കോടി വിലമതിക്കുമെന്നാണ് കോർപ്പറേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല ഇതിന്റെ ഫർണിച്ചറുകൾ, മാർബിളുകൾ, ടൈലുകൾ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version