കൊറ്റില്ലത്ത് രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സന്ദര്‍ശനം, അപ്രതീക്ഷിതമായി രാഹുലിനെ കണ്ട് അമ്പരന്ന് നാട്ടുകാര്‍

പനമരം: പനമരം ചങ്ങാടക്കടവ് കൊറ്റില്ലം സന്ദര്‍ശിക്കാന്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി എത്തി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് രാഹുല്‍ ഗാന്ധിയെ കണ്ടതോടെ പ്രദേശത്തുകാര്‍ ഒന്നടങ്കം അമ്പരന്നു. ഇന്നലെ രാവിലെ 6.30നായിരുന്നു രാഹുലിന്റെ മിന്നല്‍ സന്ദര്‍ശനം.

പനമരം വലിയ പുഴയും ചെറിയ പുഴയും ചേരുന്ന തുരുത്തിലെ കൊറ്റില്ലത്തെത്തിയ രാഹുല്‍ ഗാന്ധി മുക്കാല്‍ മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. കൊറ്റികളെ ഡ്രോണിന്റെ സഹായത്തോടെ വീക്ഷിച്ചു. പ്രകൃതി ഭംഗിയേറെ ആസ്വദിക്കുകയും ചെയ്തു.

വിവിധ തരം കൊറ്റികളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സംരക്ഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊറ്റില്ലത്തിന്റെ ദുരാവസ്ഥ നേരില്‍ കണ്ട എംപി ഇതിന്റെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

രാഹുല്‍ എത്തിയതറിഞ്ഞു സ്ത്രീകളും കുട്ടികളും അടക്കം പ്രദേശത്ത് കോണ്‍ഗ്രസ് നേതാവിനെ കാണാനായി എത്തി.

Exit mobile version