ശമ്പളം മാറ്റിവെയ്ക്കൽ നീട്ടില്ല; തിരിച്ച് നൽകൽ അടുത്തമാസം; സോഷ്യൽമീഡിയ ആക്ഷേപത്തിൽ പോലീസിന് കേസെടുക്കാം: മന്ത്രിസഭായോഗം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്തമാസം മുതൽ നൽകി തുടങ്ങും. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരാൻ എടുത്ത തീരുമാനം റദ്ദാക്കാനും ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾ തടയാൻ പോലീസ് ആക്ടിൽ ഭേദഗതി വരുത്താനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ യൂട്യൂബ് ചാനലിൽ നടന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ആക്ടിലെ പുതിയ ഭേദഗതി. നവ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആക്ടിൽ വകുപ്പില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ആക്ടിലെ 118 എ വകുപ്പിൽ ഭേദഗതി വരുത്താൻ മന്ത്രി സഭ തീരുമാനിച്ചത്. നവ മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയിൽ പോലീസിന് കേസെടുക്കാം. ഇത് ജാമ്യമില്ലാ കുറ്റമാക്കണമെങ്കിൽ കേന്ദ്ര അനുമതി വേണം. അതിനും നടപടിയെടുക്കും.

അതേസമയം, മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയും മന്ത്രിസഭ പരിഗണിച്ചു. ഇത് സംബന്ധിച്ച് പിഎസ്‌സി നിർദേശിച്ച ചട്ടഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മുന്നോക്ക സംവരണം സംബന്ധിച്ച സാങ്കേതിക നടപടികൾ പൂർത്തിയായി.

സംസ്ഥാനത്തെ 16 ഇനം പച്ചക്കറികൾക്ക് തറ വില പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മരച്ചീനി മുതൽ വെളുത്തുള്ളി വരെയുള്ള 16 ഇനം പച്ചക്കറികളുടെ തറ വില നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

Exit mobile version