പെട്ടിക്കടക്ക് മെഡിക്കൽ കോളേജ് ബോർഡ് തൂക്കുന്ന, പാടത്ത് കളിപ്പാട്ട വിമാനമിറക്കുന്ന യുഡിഎഫ് ഗിമ്മിക്കുകൾ ഈ സർക്കാർ ചെയ്യില്ല; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസിക്ക് മുകേഷിന്റെ മറുപടി

കൊല്ലം: കൊല്ലം അസംബ്ലി മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെടുത്തിയ 19 പ്രോജക്ടുകൾ ഉണ്ടെന്നും അതൊന്നും നടപ്പിലായില്ലെന്നുമുള്ള കെപിസിസി വൈസ് പ്രസിഡന്റിന്റെ വിമർശനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ കൊല്ലം മണ്ഡലത്തിലേതെന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ച പലപദ്ധതികളും പൂർത്തീകരിച്ചതും അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നതുമാണെന്ന് മുകേഷ് വിശദീകരിക്കുന്നു. കൂടാതെ രാജശേഖരൻ പറഞ്ഞ പകുതിയോളം പദ്ധതികൾ പലതും കൊല്ലം മണ്ഡലത്തിന് പുറത്തുള്ളതാണെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇടയ്ക്ക് സമയം കിട്ടുമ്പോൾ കൊല്ലം അസംബ്ലി മണ്ഡലത്തിൽ ഒന്ന് കറങ്ങി കിഫ്ബി കൂടാതെ നടത്തിയിട്ടുള്ള ഇവിടുത്തെ വികസനപ്രവർത്തനങ്ങൾ എല്ലാം ഒന്ന് കാണണമെന്ന് ശൂരനാട് രാജശേഖരനെ മുകേഷ് ഉപദേശിക്കുകയം ചെയ്യുന്നു. പെട്ടിക്കടക്ക് മുന്നിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് തൂക്കിയും പശുവിനെ തീറ്റുന്ന പാടത്ത് കളിപ്പാട്ട വിമാനമിറക്കി എയർപോർട്ട് എന്ന അവകാശം ഉന്നയിച്ചുകൊണ്ടുമുള്ള ഗിമ്മിക്കുകൾ എൽഡിഎഫ് സർക്കാർ ചെയ്യില്ലെന്നും മുകേഷ് കുറപ്പിൽ പരിഹസിച്ചു.

മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഭരണം തീരാൻ 7 മാസം മാത്രം ബാക്കിയുള്ളപ്പോൾ കൊല്ലം അസംബ്ലി മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെടുത്തി 19 പ്രോജക്ടുകൾ ഉണ്ടെന്നും അതിൽ ഒന്നും തന്നെ നടപ്പായിട്ടില്ല എന്നുള്ളതുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.. പ്രിയപ്പെട്ട സുഹൃത്തിനോട് എനിക്ക് ആദ്യം തന്നെ പറയുവാനുള്ളത് ആദ്യം മണ്ഡലത്തെക്കുറിച്ച് ഒന്ന് പഠിക്കണം ഇതിൽ പറയുന്ന പകുതിയോളം പദ്ധതികൾ കൊല്ലം അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല..
1: ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം വർക്ക് ദ്രുതഗതിയിൽ നടക്കുകയാണ് 40% പൂർത്തിയായിട്ടുണ്ട്
2, 3 ഡിപ്പാർട്ട്‌മെന്റ് വർക്കാണ്.
4 : നാലാമത്തെ പദ്ധതി ആണ് മങ്ങാട് ഹയർസെക്കൻഡറി സ്‌കൂൾ. വർക്ക് പൂർത്തീകരിച്ചു കൊല്ലം മണ്ഡലത്തിലെ മാത്രമല്ല ജില്ലയിലെ തന്നെ ആദ്യത്തെ ഹൈടെക് സ്‌കൂൾ മങ്ങാട് സ്‌കൂൾ ആണ് സുഹൃത്തേ
5, 6 ഈ രണ്ട് പദ്ധതികൾ നയ പരിശോധന നടക്കുന്ന പദ്ധതിയാണ് ഇത് മാസ്റ്റർപ്ലാൻ അടക്കമുള്ള പദ്ധതിയാണ് ഒരുപാട് ഏജൻസികളുടെ ക്ലിയറൻസ് ആവശ്യമായിട്ടുള്ള പദ്ധതിയാണ് അതും ധൃതഗതിയിൽ നടക്കുന്നുണ്ട്
7 : കൊല്ലം മണ്ഡലം അല്ല.
8 : പെരുമൺ പാലം എല്ലാ കടമ്പകളും കടന്ന് ടെൻഡർ നടപടി പൂർത്തീകരിച്ച് അടുത്ത ആഴ്ച തൊട്ട് അതിന്റെ വർക്ക് ആരംഭിക്കുകയാണ് സുഹൃത്തേ.
9, 10, കൊല്ലം മണ്ഡലം അല്ല
11 : ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ട പ്രവർത്തനത്തിനുള്ള ഫണ്ടാണ് മൂന്നാംഘട്ടം 70 ശതമാനം പൂർത്തിയായി പണി പൂർത്തിയായ ഉടനെ നാലാംഘട്ടം പ്രവർത്തനമാരംഭിക്കും
12 : ഡിപ്പാർട്ട്‌മെന്റ് വർക്കാണ് സർക്കാർ രജിസ്‌ട്രേഷൻ വകുപ്പ് തലത്തിൽ നടക്കേണ്ട കാര്യമാണ്.
13 14 കൊല്ലം, കുണ്ടറ, ഇരവിപുരം, മണ്ഡലങ്ങളിലായി നടന്നുവരുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ വർക്കാണ് കൊല്ലം കോർപ്പറേഷനും സംസ്ഥാന സർക്കാരും കൈകോർത്തു കൊണ്ടുള്ള പദ്ധതി ധൃതഗതിയിൽ നടന്നുവരികയാണ്.
15 : അഞ്ചാലുംമൂട് സ്‌കൂൾ പണി പൂർത്തിയായി സുഹൃത്തേ ബഹുമാനപെട്ട മുഖ്യമന്ത്രി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
16 : പണയിൽ സ്‌കൂൾ അതും പണി പൂർത്തിയായി അതും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്
17, 18, കൊല്ലം മണ്ഡലം അല്ല.
19 : ഹൈടെക് സ്‌കൂൾ പ്രഖ്യാപനം സംസ്ഥാനതലത്തിൽ നടന്നു മൂന്നരക്കോടിക്ക് കൊല്ലം മണ്ഡലത്തിൽ ഹൈടെക് ക്ലാസുകൾ അനുവദിച്ചു നിർമ്മാണം പൂർത്തിയായി.
അതുകൂടാതെ എം എൽ എ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവിൽ 21 സർക്കാർ സ്‌കൂളുകളും 6 എയ്ഡഡ് സ്‌കൂളുകളിലും ആയി 54 ഹൈടെക് ക്ലാസ് മുറികൾ കൂടി നിർമിച്ചിട്ടുണ്ട്.
ഞാൻ നല്ല നടൻ ആണെന്ന് അങ്ങ് സമ്മതിച്ചല്ലോ സന്തോഷം..
ഞാൻ നല്ല എം എൽ എ ആണെന്ന് അങ്ങ് സമ്മതിച്ചാൽ അത് പണ്ട് മഹാനായ ഇ എം എസ് പറഞ്ഞത് പോലെ എനിക്കെന്തോ കുഴപ്പം ഉണ്ടെന്ന് ആകില്ലേ..
അങ്ങേ ഞാൻ കുറ്റം പറയില്ല കാരണം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി മോഹികൾ നിരവധി ഉണ്ടാകും അവരിൽ ആരെങ്കിലും ആയിരിക്കും അങ്ങയെ കൊണ്ട് ഇത് ചെയ്യിച്ചത്. ഇടയ്ക്ക് സമയം കിട്ടുമ്പോൾ കൊല്ലം അസംബ്ലി മണ്ഡലത്തിൽ ഒന്ന് കറങ്ങി കിഫ്ബി കൂടാതെ നടത്തിയിട്ടുള്ള ഇവിടുത്തെ വികസനപ്രവർത്തനങ്ങൾ എല്ലാം ഒന്ന് കാണാൻ ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു.
ഒരുപാട് സമയം വേണ്ടി വരില്ല കാരണം കൊല്ലം അസംബ്ലി മണ്ഡലത്തിലെ എല്ലാ റോഡുകളും bm&bc വർക്ക് ആണ് ചെയ്തിരിക്കുന്നത്..
ഏതായാലും പെട്ടിക്കടക്ക് മുന്നിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് തൂക്കിയും പശുവിനെ തീറ്റുന്ന പാടത്ത് കളിപ്പാട്ട വിമാനമിറക്കി എയർപോർട്ട് എന്ന അവകാശം ഉന്നയിച്ചുകൊണ്ടുമുള്ള ഗിമ്മിക്കുകൾ എൽഡിഎഫ് സർക്കാർ ചെയ്യില്ല..
സംസ്ഥാനത്തെ കിഫ്ബിയുടെ മുഴുവൻ പ്രോജക്ടുകളും എന്റെ അക്കൗണ്ടിൽ പെടുത്തണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ.. കൊല്ലം എംഎൽഎ മുകേഷ്..

Exit mobile version