വയനാട്ടിൽ മരിച്ച രണ്ട് യുവാക്കൾക്ക് കൊവിഡ്; പരിശോധന നടത്തിയ പോലീസുകാർ ഉൾപ്പടെ ക്വാറന്റൈനിൽ

കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ ദിവസം മരിച്ച രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്ത രണ്ട് യുവാക്കളുടെ മൃതദേഹ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂൽപ്പുഴ തോട്ടമൂല ലക്ഷം വീട് കോളനിയിലെ മനു (36), വയനാട് അതിർത്തിയിൽ തമിഴ്‌നാട് അയ്യൻകൊല്ലി സ്വദേശി നിധീഷ് (27) എന്നിവർക്കാണ് മരണശേഷമുള്ള പരിശോധന ഫലം പോസിറ്റീവായത്. മനുവിനെ മുത്തങ്ങ ആലത്തൂർ കോളനിക്ക് സമീപമുള്ള വനപ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹ പരിശോധന നടത്തിയ ബത്തേരി സ്റ്റേഷനിലെ എസ്‌ഐ അടക്കം നാല് പോലീസുകാർ ക്വാറന്റീനിൽ പോയി.

വ്യാഴാഴ്ചയാണ് അയ്യംകൊല്ലി സ്വദേശി നിധീഷിനെ വിഷം കഴിച്ച നിലയിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽപ്പസമയത്തിനകം മരണത്തിന് കീഴടങ്ങി. തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി. ഇതോടെ ഇയാൾക്കൊപ്പം വന്ന അച്ഛനും അമ്മയും സഹോദരനും ക്വാറന്റൈനിൽ ആയി.

ഏറെ ചർച്ചകൾക്കൊടുവിൽ ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാരായ നാസർ കാപ്പാടനും സജീർ ബീനാച്ചിയുമാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്. ക്ഷയരോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന യുവാവിനും മരണ ശേഷം കൊറോണ സ്ഥിരീകരിച്ചു. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

Exit mobile version