കെഎസ്ആര്‍ടിസിയെ വഴിമുടക്കി ‘ബൈക്കുകാരന്റെ അഭ്യാസം’; യുവാവിന്റെ വീട് തേടി എത്തി 10,500 രൂപ പിഴയീടാക്കി! പണി കൊടുത്തത് യാത്രികരും

കരിവെള്ളൂര്‍: കെഎസ്ആര്‍ടിസിയെ വഴിമുടക്കിയ ബൈക്കുകാരന് പിഴയീടാക്കി. നാലുകിലോമീറ്ററോളം ദൂരം കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയ ബൈക്കുകാരനെ തേടിപ്പിടിച്ചാണ് മോട്ടോര്‍വാഹന വകുപ്പ് പിഴയീടാക്കിയത്. ബസിലെ യാത്രികര്‍ തന്നെ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിന് പിഴ ചുമത്തിയത്.

കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസിനു മുന്നിലേക്ക് പെരുമ്പയില്‍വച്ചാണ് യുവാവ് ബൈക്കുമായെത്തിയത്. പിന്നീട് നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. യാത്രക്കാരും ബസ്ഡ്രൈവറും പലതവണ വിളിച്ചുപറഞ്ഞിട്ടും യുവാവ് ചെവിക്കൊണ്ടില്ല. ശേഷമാണ് ഈ അഭ്യാസം യാത്രികര്‍ ഒപ്പിയെടുത്തത്.

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയതോടെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിന്റെ കണ്ടോത്തെ വീട്ടിലെത്തി. അപകടകരമായി ബൈക്ക് ഓടിച്ചതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനും 10,500 രൂപ പിഴയീടാക്കുകയായിരുന്നു.

Exit mobile version