ഓരോ ദിവസവും താറാവിന്റെ എണ്ണത്തില്‍ കുറവ്; മോഷ്ടാവിനെ പിടിക്കാന്‍ വെച്ച സിസിടിവിയില്‍ കുടുങ്ങിയത് പെരുമ്പാമ്പും, ഈ കര്‍ഷകന് നഷ്ടപ്പെട്ടത് എട്ട് താറാവിനെ!

നീലേശ്വരം: താറാവ് മോഷ്ടാവിനെ പിടികൂടാന്‍ വെച്ച സിസിടിവിയില്‍ കുടുങ്ങിയത് പെരുമ്പാമ്പിനെ. നീലേശ്വരം പള്ളിക്കര കുന്നരുവത്തെ കര്‍ഷകനായ കളത്തില്‍ ജനാര്‍ദനന്റെ വീട്ടിലാണ് ഈ പെരുമ്പാമ്പിന്റെ വിളയാട്ടം. കൂറ്റന്‍ പെരുമ്പാമ്പാണ് ഈ കര്‍ഷകന്റെ എട്ട് താറാവുകളെ അകത്താക്കിയത്.

ഒരുമാസത്തിനിടെ നാലിടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ താറാവിനെ വീതം കാണാതായതോടെയാണ് സിസിടിവി ക്യാമറ വെയ്ക്കാന്‍ തീരുമാനിച്ചത്. . ഗള്‍ഫിലെ ജോലി നിര്‍ത്തി നാട്ടിലെത്തിയ ജനാര്‍ദനന്‍ രണ്ടുവര്‍ഷമായി വീട്ടില്‍ കോഴി ഫാം നടത്തുകയാണ്. അതോടൊപ്പം താറാവ് ഫാമും തുടങ്ങാനുള്ള തയ്യാറെടുപ്പില്‍ 10 താറാവുകളെ വീടിന് മുന്നിലെ പഴയ പട്ടിക്കൂട്ടില്‍ ഇട്ടു.

അവിടെക്കാണ് പെരുമ്പാമ്പെത്തിയത്. കള്ളനെ പിടികൂടാന്‍ ജനാര്‍ദനന്റെ മകന്‍ നന്ദകിശോറാണ് വീട്ടിലെ സിസിടിവി കൂടിനകത്തേക്ക് തിരിച്ചുവെച്ച് കെണിയൊരുക്കിയത്. കഴിഞ്ഞ ദിവസം രാത്രി 12.50-ഓടെ കൂടിനകത്ത് കയറിയ പെരുമ്പാമ്പ് നിമിഷനേരംകൊണ്ട് താറാവിനെ അകത്താക്കി കടന്നുകളയുകയായിരുന്നു. താറാവിനെ പിടിക്കാന്‍ പാമ്പ് വീണ്ടും എത്തുമ്പോള്‍ കൈയ്യോടെ പിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

Exit mobile version