എന്തിന് യുഡിഎഫ് സമരം അവസാനിപ്പിക്കണം? വൈകിയെടുത്ത ഈ തീരുമാനം കേരളത്തെ സഹായിക്കുമോ?

ലോകം തന്നെ കൊവിഡിനെ ഭയന്ന് വിറച്ചു നിൽക്കുന്ന കാലത്ത്, കഴിഞ്ഞ ദിവസങ്ങളിലായി യാതൊരു നിയന്ത്രണവുമില്ലാതെ വലിയ ആൾക്കൂട്ടങ്ങളെ പങ്കെടുപ്പിച്ച് കേരളത്തിൽ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നൽകിയ സംഭാവന എന്താണ്? ഒടുവിൽ വിവേകപൂർവ്വമല്ലാത്ത തങ്ങളുടെ സമരങ്ങൾ കേരളത്തിലെ കൊവിഡ് വ്യാപനം അതീവ വേഗത്തിലാക്കിയതിനു ശേഷം ഇനിയും സമരവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ജനങ്ങൾ സ്വമേധയാ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവുമെന്നു മനസ്സിലാക്കി, സമരം പിൻവലിച്ചതായി മനസ്സില്ലാ മനസ്സോടെ സമ്മതിച്ച പ്രതിപക്ഷ നേതാവിന്റെ മഹാമനസ്‌കതക്കാണ് ഇന്നത്തെ കയ്യടി. ഇന്ത്യയിലെ തന്നെ കൊവിഡ് രോഗികളുടെ വളർച്ചാ നിരക്കിൽ ഏറ്റവും മുന്നിൽ എന്ന കിരീടം സമ്മാനിച്ചു എന്നല്ലാതെ എന്ത് നേട്ടമാണ് സമരക്കാർ നേടിയെടുത്തത്.

അസമയത്തായിരുന്നു തങ്ങളുടെ സമരം എന്ന് ഇപ്പോഴും പ്രതിപക്ഷം ആത്മാർത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതായിരുന്നു സമരം അവസാനിപ്പിച്ചു എന്ന് പറയാൻ വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനവും. സമരമോ, സമരം ചെയ്ത വിഷയമോ അല്ല കേരളത്തെ ആകുലപ്പെടുത്തുന്നത്, ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അതീവ ജാഗ്രത വേണമെന്ന് ഓർമ്മിപ്പിച്ച കാലത്ത് കൊവിഡ് പ്രോട്ടോക്കോളിന് പുല്ലു വില കൽപ്പിച്ചായിരുന്നു സമരം നടത്തിയത്. സമരം നടത്തിയവർ മാത്രമല്ല ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഒരു ജനത മുഴുവനുമാണ്.

സമരം ചെയ്തവരുടെ കുടുംബങ്ങളുടെ അടക്കം ജീവനെടുത്തു തുടങ്ങിയപ്പോഴാണ് പ്രതിപക്ഷം രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്തത്. യാതൊരു ദീർഘവീക്ഷണവുമില്ലാതെ മഹാമാരി കാലത്ത് ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് കൊവിഡ് പരത്തി സമരങ്ങൾ ചെയ്ത ഈ പ്രതിപക്ഷത്തെ ഏറ്റവും വിവേക ശൂന്യർ എന്നാവും രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തുക. പതിനായിരങ്ങൾ മരിച്ചാലും വേണ്ടില്ല, സർക്കാർ താഴെ വീണാൽ മതിയെന്ന ധാരണയിൽ, മുന്നും പിന്നും നോക്കാതെ സമരത്തിനിറങ്ങിയ ഓരോ അണികൾക്കും നേതാക്കൾക്കും സ്വന്തം വീടുകളിൽ തന്നെ മരണം കാണേണ്ടി വന്നതോടെയാണ് സമരത്തിൽ നിന്നും പിന്മാറ്റം. ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായി എന്നതാണ് യാഥാർഥ്യം.

കൊവിഡ് പ്രോട്ടോക്കോൾ എന്താണെന്ന് പോലും മറന്ന്, പ്രവർത്തകരുടെ ബാഹുല്യമുള്ള മാർച്ചും, ധർണ്ണയും, സമരങ്ങളും പോലീസുമായി ഏറ്റുമുട്ടലും എല്ലാം നടത്തിയ രാഷ്ട്രീയ സംഘടനകളെയും നേതാക്കളെയും പോലെ തന്നെ, അതൊക്കെ ഏറ്റവും ഗംഭീരമായി പ്രക്ഷേപണം ചെയ്ത് ആവശ്യമായ പ്രോത്സാഹനങ്ങൾ വാരി കോരി കൊടുത്ത മാധ്യമങ്ങളും, ഇതുകണ്ട് ആസ്വദിച്ചവരും ഈ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന് ഒരു തരത്തിൽ ഉത്തരവാദികൾ ആണ്. സെൻസേഷണൽ വാർത്തകൾക്ക് വേണ്ടി മത്സരിക്കുന്ന ചാനലുകൾക്ക് കുറെ ദിവസത്തേക്ക് കൊവിഡ് മുൻഗണനാ വിഷയം അല്ലാതെ പോയി.

സ്വയം കുഴികുത്തി അതിൽ മൂക്കും കുത്തി വീണതിന് ശേഷം മാത്രം തിരിച്ചറിവുണ്ടായ പ്രതിപക്ഷവും അവരുടെ സമരവും ഉണ്ടാക്കിയ പ്രതിഫലനവും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊവിഡ് റിപ്പോർട്ടിലും കാണാനുണ്ട്. രണ്ട് മാസം മുമ്പ് നൂറും ഇരുന്നൂറുമായിരുന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ ഏഴായിരവും കടന്നിരിക്കുന്നു. പ്രതിദിന കണക്കുകൾ നോക്കിയാൽ 12 ഉം 13 ഉം ശതമാനമാണ് ഇപ്പോൾ പരിശോധനക്ക് വിധേയമാക്കുന്നവരിൽ കൊവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണം. ഇത് 20 ഉം 30 ഉം 50 ഉം ശതമാന കണക്കിലേക്ക് ഉയരാൻ ഇങ്ങനെ പോയാൽ അധിക സമയം വേണ്ട.

നാലായിരത്തിന് മുകളിലെത്തുന്ന കൊവിഡ് പോസിറ്റീവ് കേസുകൾ മുതൽ ഏഴായിരം പോലും കടക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ അൻപതിനായിരം പേരെ ടെസ്റ്റ് ചെയ്യുന്നതിൽ നിന്നാണ്. മൂന്നര കോടിയിൽ അൻപതിനായിരം എന്ന് പറയുന്നത് സത്യത്തിൽ ഒരു പഞ്ചായത്തിലെ ജനസംഖ്യയുടെ പകുതി പോലും വരുന്നില്ല എന്ന് എത്ര പേർ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ ഒരു പത്ത് ലക്ഷം പേരെ ടെസ്റ്റ് ചെയ്താൽ ഈ കണക്ക് വെച്ച് എത്ര കൊവിഡ് രോഗികൾ ഉണ്ടാവും എന്ന് നമുക്ക് സങ്കൽപ്പിക്കാൻ പറ്റുമോ?

ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതോടെ കൊവിഡ് രോഗികൾക്ക് മാത്രമല്ല, മറ്റ് രോഗങ്ങളുമായി എത്തുന്നവർക്ക് പോലും കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥ. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഔദ്യോഗികമായ പ്രഖ്യാപനത്തിലൂടെ പറയാതെ തന്നെ എല്ലാവർക്കും മനസിലാക്കാവുന്ന അവസ്ഥ. സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് പല പ്രദേശങ്ങളും തെളിയിക്കുകയും ചെയ്യുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കലും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തലുമൊന്നും രോഗികളുടെ എണ്ണത്തെ കുറയ്ക്കാത്ത ഒരു അവസ്ഥ. മരണസംഖ്യ പ്രതിദിനം 20ലേക്ക് എത്തിയിരിക്കുന്നു. വീടിന്റെ പടിവാതിലിൽ മരണം വന്നെത്തും വരെ നമ്മൾ ഈ നിസ്സംഗതയും അശ്രദ്ധയും തുടരേണ്ടതുണ്ടോ എന്നത് നമ്മൾ ഓരോരുത്തരും വീണ്ടും വീണ്ടും ആലോചിക്കേണ്ട വിഷയമാണ്.

ഗർഭിണികൾക്കും, കിടക്കയിൽ നിന്ന് എണീക്കുക പോലും ചെയ്യാത്ത കിടപ്പുരോഗികൾക്കും, വീട്ടിൽ നിന്നും പുറത്തുപോകാത്ത കൊച്ചുകുട്ടികൾക്കും തുടങ്ങി രോഗം വന്നാൽ പെട്ടെന്ന് ഭേദമാകാത്ത, അതിതീവ്രമായി പോകുന്ന സകലർക്കും വീടുവീടാന്തരം ഇപ്പോൾ കൊവിഡ് എത്തിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തിയാൽ കൊവിഡ് പോസ്റ്റീവാകുന്നത് ആർക്കെല്ലാമാണെന്ന് ഊഹിക്കാനാകാത്ത സ്ഥിതി വരെയായി. ഇതിന്റെയെല്ലാം പിന്നിൽ ഇപ്പോൾ നടന്ന സമരങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട് .

കുറ്റപ്പെടുത്തേണ്ടത് സമരം ചെയ്തവരെ മാത്രമല്ല, അതിന് നേരെ കണ്ണടച്ച എല്ലാവരേയും കൂടിയാണ്. ഒരു വീട്ടിൽ ഒരു കൊവിഡ് രോഗി എന്ന നിലയിലേക്കാണ് കേരളം നീങ്ങുന്നത്. സ്ഥിതി ഇങ്ങനെയൊക്കെ ആയിരിക്കെ ഈ ഗുരുതരാവസ്ഥ മറികടക്കാൻ ഉടനെയാകുമോ? ഇനി സമരം അവസാനിപ്പിച്ചാലും ഫലമുണ്ടാകുമോ? പ്രതിപക്ഷത്തിന് സമരം നിർത്തിവെക്കാൻ, സ്വന്തം പാർട്ടിയിലെ നേതാവ് കാരണം അദ്ദേഹത്തിന്റെ വീട്ടിലെ വയോധികനായ പിതാവിന് മരണം സംഭവിക്കുന്നത് വരെ കാത്തിരിക്കണമായിരുന്നോ? അതോ ഇക്കാരണത്താൽ പാർട്ടിയിൽ തന്നെ ശക്തമായ പൊട്ടിത്തെറി ഉണ്ടാവുന്നത് വരെയാണോ കാത്തിരിക്കാൻ ഉദ്ദേശിച്ചത്. പിടിച്ചുനിർത്താവുന്ന കൊവിഡ് കണക്കിൽ നിന്നും പിടിവിട്ട നിലയിലേക്ക് രോഗികളുടെ എണ്ണത്തെ എത്തിച്ചിട്ട് സമരം നിർത്തിയിട്ടെന്താണ് ഫലം. പ്രതിപക്ഷത്തോട് ചോദിക്കാൻ ഇനി ഈ ചോദ്യങ്ങളെങ്കിലും കരുതിവെയ്ക്കാം.

Exit mobile version