കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല; മന്ത്രിയടക്കം ഇടപെട്ടത് എല്ലാം കഴിഞ്ഞിട്ട്; പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട പിതാവ് ഷരീഫ്

മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയത്; കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല; മന്ത്രിയടക്കം ഇടപെട്ടത് എല്ലാം കഴിഞ്ഞിട്ട്; പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട പിതാവ് ഷരീഫ്

കോഴിക്കോട്: പൂർണ്ണഗർഭിണിയായ യുവതി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി 14 മണിക്കൂറോളം അലഞ്ഞിട്ടും കൃത്യമായി ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ ഭർത്താവ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടന്ന് മൂന്നോളം ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിക്കാതെ ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവായ യുവതിയ്ക്ക് സ്വകാര്യ ആശുപത്രികൾ പലതും കൊവിഡിന്റെ പേരിൽ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് ഭർത്താവ് പറയുന്നു. ഒരു ദിവസം മുഴുവനും പ്രസവവേദന അനുഭവപ്പെട്ട യുവതിയുമായി ഭർത്താവ് വിവിധ ആശുപത്രികൾ കയറി ഇറങ്ങി. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോഴേക്കും കുട്ടികൾ മരിക്കുകയായിരുന്നു. ഡിഎംഒ, മന്ത്രി ഉൾപ്പടെയുള്ളവർ ഇതിനുശേഷമാണ് തങ്ങളെ ബന്ധപ്പെട്ടതെന്നും ഷരീഫ് പറയുന്നു.

കിഴിശ്ശേരി എൻസി ഷരീഫ്-സഹല ദമ്പതികൾക്കാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ചികിത്സ തേടി എത്തിയ തങ്ങളോട് മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ മോശമായാണ് പെരുമാറിയതെന്നും കെഎംസിടി ആശുപത്രി മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷെരീഫ് പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷരീഫ് മാധ്യമങ്ങളെ കണ്ടത്.

ഷരീഫിന്റെ വാക്കുകൾ: ‘തിങ്കളാഴ്ച പുലർച്ചെ നാലര ആയപ്പോഴേക്കും മഞ്ചേരി മെഡിക്കൽ കോളേജിൽ ഞങ്ങൾ എത്തിയിരുന്നു. ഇവിടെ മുഴുവൻ കോവിഡ് ആണ് അതുകൊണ്ട് എടുക്കാൻ കഴിയില്ലെന്നാണ് അവിടെനിന്ന് പറഞ്ഞത്. ഭാര്യ അഞ്ചാം തിയ്യതി കോവിഡ് പോസിറ്റീവ് ആയി പിന്നീട് 15ാം തിയതി നെഗറ്റീവ് ആയതാണ്. 14 ദിവസത്തെ ക്വാറന്റീൻ ആണ് നിർദ്ദേശിച്ചിരുന്നത്. 29ാം തിയ്യതിയെ 14 ദിവസം പൂർത്തിയാവുകയുള്ളു. അതുവരെ എന്തുണ്ടെങ്കിലും മഞ്ചേരിയിൽ തന്നെ കാണിക്കാമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഇന്നലെ 26ാം തിയ്യതിയെ ആയിരുന്നുള്ളു. വെള്ളിയാഴ്ച എടവണ്ണ ഇ.എം.സി. ആശുപത്രിയിൽ പോയിരുന്നു. മഞ്ചേരിയിൽ പോകാൻ ഭയമാണെന്ന് ഭാര്യ പറഞ്ഞതിനെ തുടർന്നാണിത്. കോവിഡ് ഉള്ളവരെ എടുക്കില്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. പിന്നീട് കോഴിക്കോട് ഇഖ്‌റയിൽ വന്നു. അവിടെ നിന്നും ഇതേ മറപടിയാണ് ലഭിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ പോയി. അവിടെ എത്തിയപ്പോൾ തിങ്കളാഴ്ച വന്നോളു എന്നാണ് പറഞ്ഞത്. അങ്ങനെ തിങ്കളാഴ്ച ആശുപത്രിയിൽ പോകാൻ ഇരുന്നപ്പോഴാണ് ശനിയാഴ്ച പുലർച്ചെ ഭാര്യയ്ക്ക് വേദന ഉണ്ടാകുന്നത്. നാലരയ്ക്ക് തന്നെ മഞ്ചേരിയിൽ എത്തിയിരുന്നു. അവിടെ എത്തുമ്പോൾ അവർക്ക് ഞങ്ങൾ വന്നത് പറ്റുന്നുണ്ടായിരുന്നില്ല. കുറെ സംസാരിച്ചതിന് ശേഷമാണ് ലേബർ റൂമിൽ കയറ്റിയത്. പിന്നീട് 8 മണി ആയപ്പോൾ കൊണ്ടുപോയ്‌ക്കോളു വേദന ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ ഭാര്യയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് വേദനയുണ്ടെന്നാണ്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാനാണ് നിർദ്ദേശിച്ചത്. എന്നാൽ ഇതിന് സാധ്യമല്ലെന്നും എഴുതി തന്നാൽ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകാമെന്നും ഞാൻ പറഞ്ഞു. അങ്ങനെ ഡിസ്ച്ചാർജ് കാർഡൊക്കെ എഴുതിവെച്ചു. 10 മണിക്ക് ഒരു ഡോക്ടർ വന്നപ്പോൾ നല്ല വേദന ഉള്ളതുകൊണ്ട് പരിശോധിച്ചിട്ട് പോകാമെന്ന് പറഞ്ഞു. ഇപ്പോൾ പോകണ്ടെന്നും ഡോക്ടർ പറഞ്ഞു. പോകുന്നില്ലെന്നും ചികിത്സ ലഭിച്ചാൽ മതിയെന്നുമാണ് ഞാൻ പറഞ്ഞത്.

പക്ഷേ 11.45 ആയപ്പോൾ പൊയ്‌ക്കോളാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോയി. വണ്ടിയിൽ വെച്ച് വേദനകൊണ്ട് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭാര്യ. ഒന്നേ മൂക്കാലോടെയാണ് കോട്ടപ്പറമ്പ് എത്തിയത്. അപ്പോഴേക്കും ഡോക്ടർമാർ എല്ലാവരും പോയിരുന്നു. ഇവിടെ പറ്റില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ്‌ക്കോളു എന്നാണ് പറഞ്ഞത്. ഞായറാഴ്ച ആയതുകൊണ്ട് മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉണ്ടാകില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുമാണ് പറഞ്ഞത്. അങ്ങനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. അവർ വന്നോളു എന്നാണ് പറഞ്ഞത്. എന്നാൽ കുറച്ചുകഴിഞ്ഞ് വിളിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടോ എന്ന് ചോദിച്ചു. മഞ്ചേരിയിൽ നിന്ന് ലഭിച്ച അന്റിജൻ ടെസ്റ്റ് റിസൽട്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ. അത് പറ്റില്ല ആർ.ടി. പി.സി.ആർ വേണമെന്ന് പറഞ്ഞു. ഞാൻ കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല. ഒടുവിൽ പാളയത്തെ അശ്വനി ലാബിൽ പോയി അന്വേഷിച്ചപ്പോൾ 24 മണിക്കൂറ് കഴിഞ്ഞേ റിസൽട്ട് കിട്ടുകയുള്ളു എന്ന് പറഞ്ഞു. ഈ വിവരം ഞാൻ ശാന്തിയിൽ വിളിച്ചു പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുകയാണെന്നും പറഞ്ഞു. എന്നിട്ടും സമ്മതിച്ചില്ല. ഒടുവിൽ ഞാൻ നേരിട്ട് ഡോക്ടറോട് സംസാരിച്ചു. ഡോക്ടറും ആർടിപിസിആർ ഇല്ലാതെ എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റുമായി നാളെ വരാൻ ആണ് അവർ മറുപടി നൽകിയത്.

പിന്നീട് ഞാൻ കെഎംസിടിയിലേക്ക് പോയി. അവർ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ റിസൾറ്റ് നെഗറ്റീവായി. ഉടൻ തന്നെ അവർ സ്‌കാൻ ചെയ്തുനോക്കി. കുട്ടികൾക്ക് ഹൃദയമിടിപ്പൊന്നും ഇല്ലായിരുന്നു അപ്പോൾ. ഡോക്ടർ ഈ വിവരം എന്നോട് അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഇത് ആരോടും പറഞ്ഞില്ല. അത് തെറ്റാകണേ എന്നാണ് ആഗ്രഹിച്ചത്. അവിടെ നിന്ന് റഫർ ചെയ്ത് രാത്രി ആറരയ്ക്കാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്. പുലർച്ചെ 4.30ന് മഞ്ചേരി ആശുപത്രിയിൽ എത്തിയ ഞങ്ങൾക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറരയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ്. ബ്ലീഡിങ് ഉണ്ടായതോടെ ഭാര്യയെ ഓപ്പറേഷൻ ചെയ്തു. എടുത്തപ്പോൾ തന്നെ കുട്ടികൾക്ക് അനക്കമില്ലായിരുന്നു എന്നാണ് പറഞ്ഞത്. മഞ്ചേരിയിൽ വെച്ച് ഒന്ന് സ്‌കാൻ ചെയ്തുനോക്കിയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു.

കാരണം ഇന്നലെ ഉച്ച മുതലേ കുട്ടികൾക്ക് അനക്കമില്ലെന്ന് ഭാര്യ പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും ഒരു ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാൻ മലപ്പുറം ഡിഎംഒയെ വരെ ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് ഡിഎംഒയും മന്ത്രിയും ഒക്കെ വിളിക്കുന്നത്. കഴിഞ്ഞ ആഴ്ച മഞ്ചേരി ആശുപത്രിയിൽ ഗർഭിണികൾക്ക് സമാനരീതിയിലുള്ള അനുഭവം ഉണ്ടായപ്പോൾ അതേകുറിച്ച് വാർത്ത എഴുതിയ ആളാണ് ഞാൻ. ഭാര്യ ഇപ്പോൾ അമിതരക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ ആണ്.

Exit mobile version