കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടസമരം കൊവിഡിനെതിരെ പ്രവർത്തിക്കാനുളള സർക്കാരിന്റെ ശ്രമങ്ങൾക്ക് വിഘാതമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള കൊവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പോലീസ്. അതിനുളള പ്രത്യുപകാരമായി അവർക്കിടയിൽ കോവിഡ് പടർത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യജീവനുകളേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണം.ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കാൻ സാധിക്കില്ല. പക്ഷേ പ്രതിഷേധിക്കുന്നവർ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ഇപ്രകാരം ചെയ്യുന്നതിൽ നിന്ന് പിന്മാറണം. അക്രമ സമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറിക്കിട്ടിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറാകുകയും നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും വേണം. പ്രതിഷേധസമരങ്ങൾ നാടിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് തിരിച്ചറിവുകൾ ഉണ്ടാവുക എന്നുളളതാണ് ഏററവും പ്രധാനം. ഹൈക്കോടതി ഈ വിഷയത്തിൽ പറയാനുളളതിന്റെ പരമാവധി പറഞ്ഞുകഴിഞ്ഞു. തിരിച്ചറിവോടെ പ്രതികരിക്കാനുളള നില രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സമരത്തിൽ പങ്കെടുക്കുന്നവർ മാത്രമല്ല അവരെ നിയന്ത്രിക്കാനെത്തിച്ചേരുന്ന പോലീസുകാരും രോഗബാധിതരാകുകയാണ്. സമരം നടക്കുമ്പോൾ ശാരീരിക അകലം പാലിച്ച് പ്രവർത്തിക്കാൻ പോലീസിന് കഴിയില്ല. സമരക്കാരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യേണ്ടിവന്നു. ചിലയിടങ്ങളിൽ മതിയായ ബലപ്രയോഗവും വേണ്ടിവരുന്നു. ഇതെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. മുതിർന്ന പോലീസുദ്യോഗസ്ഥർ വരെ രോഗബാധിതരാകുകയാണ്. നാടിനോട് താല്പര്യമുളള രാഷ്ട്രീയ പാർട്ടികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകണം. ഇക്കാര്യത്തിൽ സർക്കാരിന്റെ വീണ്ടും വീണ്ടും ഉളള അഭ്യർഥന ഫലം കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

Exit mobile version