കണ്ണൂർ ജയിലിൽ ഒരേക്കറിൽ വിളഞ്ഞത് നൂറുമേനി; അന്തേവാസികൾക്കും പോലീസുകാർക്കും അഭിനന്ദനം

കണ്ണൂർ: കൃഷിക്കാരായി ജയിലിലെ അന്തേവാസികൾ മാറിയപ്പോൾ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിനുള്ളിൽ രണ്ടരേക്കർ പാടത്ത് നെല്ല് കതിരണിഞ്ഞു. പാടം സന്ദർശിക്കാൻ സാഹിത്യകാരൻ ടി പത്മനാഭനുമെത്തിയത് വലിയ ആഘോഷമാവുകയായിരുന്നു. ജീവനക്കാരും അന്തേവാസികളും ചേർന്നാണ് നെൽ കൃഷി ചെയ്തത്. ഇത് കൊയ്യാനാണ് ടി പത്മനാഭനെത്തിയത്.

സ്‌പെഷ്യൽ സബ് ജയിലിനോട് ചേർന്നുള്ള രണ്ടര ഏക്കറിലാണ് നെൽകൃഷി. ജയിലിനകത്ത് വിജയകരമായി നെല്ലുമാത്രമല്ല, പച്ചക്കറികളും വിളവെടുത്തു. ശാസ്ത്രീയമായ രീതിയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുൽസവം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കൃഷിയോടുള്ള സ്‌നേഹവും താൽപര്യവും അദ്ദേഹം പങ്കുവച്ചു.

ജയിലിനുള്ളിൽ കൃഷിയെ പ്രോത്സാഹിപ്പിച്ച ഉദ്യോഗസ്ഥരെ ടി പത്മനാഭൻ അഭിനന്ദിക്കുകയും ചെയ്തു. നെല്ലിന് പുറമെ ഒരേക്കറോളം സ്ഥലത്ത് മുത്താറി, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി കെ ജനാർദനനാണ് നേതൃത്വം നൽകുന്നത്. പിന്തുണയുമായി പുഴാതി കൃഷി ഭവനും കൂടിയായപ്പോൾ പച്ചക്കറി കൃഷിയിൽ വലിയ മുന്നേറ്റമുണ്ടായി.

Exit mobile version