കൊവിഡ് പേടിയിൽ മൃതദേഹം ഏറ്റുവാങ്ങാൻ മടിച്ച് ബന്ധുക്കൾ; സുഹൃത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകർ

പൂച്ചാക്കൽ: കൊവിഡ് പേടിച്ച് ബന്ധുക്കൾ പോലും മാറി നിന്നപ്പോൾ ഒന്നിനേയും ഭയപ്പെടാതെ മൃതദേഹം ഏറ്റുവാങ്ങിയതും സംസ്‌കാര ചടങ്ങുകൾ നടത്തിയതും ഡിവൈഎഫ്‌ഐ പ്രവർത്തകരായ യുവാക്കൾ. തങ്ങളുടെ കൂട്ടുകാരന്റെ മൃതദേഹം ഏറ്റുവാങ്ങി യുവാക്കൾ സംസ്‌കരിച്ചു.

പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ പുതുവൽപറമ്പിൽ സജിമോന്റെ (50) മൃതദേഹമാണ് ഡിവൈഎഫ്‌ഐ തൃച്ചാറ്റുകുളം മേഖലാ കമ്മിറ്റി പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് ഏറ്റുവാങ്ങി സംസ്‌കരിച്ചത്. രണ്ടുദിവസം മുൻപ് വിഷക്കായ കഴിച്ചാണ് സജിമോൻ മരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രോണിക് മെക്കാനിക്കായിരുന്നു സജിമോൻ.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞദിവസം മൃതദേഹം അരൂക്കുറ്റി പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് പാണാവള്ളിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മണികണ്ഠൻ, പ്രദീപ് (പ്രകൽ), രതീഷ് പൊന്നപ്പൻ, സ്വരാജ് എന്നിവർ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ ധരിച്ച് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തിയത്. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ, പഞ്ചായത്തംഗം ഷിബു, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ നേതൃത്വംനൽകി.

Exit mobile version