നയതന്ത്ര ബാഗേജിലല്ല സ്വർണ്ണക്കടത്തെന്ന പച്ചക്കള്ളം ആരെ രക്ഷിക്കാൻ; വി മുരളീധരന്റെ രാജി ആവശ്യപ്പെടാൻ ഇവിടെ എത്ര ചാനലുകൾ തയ്യാറാകും: ഹരീഷ് വാസുദേവൻ

കൊച്ചി: കസ്റ്റംസിന്റെ വാദത്തെ പോലും തള്ളി നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണ്ണക്കടത്ത് നടത്തിയതെന്ന് പ്രസ്താവന നടത്തിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ കുരുക്കിലാക്കി കേന്ദ്ര സർക്കാർ. വി മുരളീധരന്റെ വാദത്തെ ലോക്‌സഭയിൽ കേന്ദ്ര ധനകാര്യസഹമന്ത്രി അനിരാഗ് നിങ് ഠാക്കൂർ തന്നെ പരസ്യമായി തള്ളി കളഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് നയതന്ത്ര ബാഗേജിലൂടെ തന്നെയാണ് നടന്നതെന്ന് ധനകാര്യ സഹമന്ത്രി ലോക്‌സഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വി മുരളീധരന്റെ സ്വർണ്ണക്കടത്തിലെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.

ഇതിനിടെ ആരെ രക്ഷിക്കാനാണ് വിദേശകാര്യ സഹമന്ത്രി പരസ്യമായി പച്ചക്കള്ളം പറഞ്ഞതെന്നചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. വിദേശകാര്യ സഹമന്ത്രി അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചത് എന്തിനാണെന്നും വി മുരളീധരൻ രാജി വെച്ചു മാപ്പ് പറയണമെന്നു ആവശ്യപ്പെടാൻ ഇവിടെ എത്ര ചാനലുകളും മാധ്യമങ്ങളും തയ്യാറാകുമെന്നും ഹരീഷ് വാസുദേവൻ ചോദിക്കുന്നു.

ഡിപ്ലോമാറ്റിക് ബാഗിലല്ല സ്വർണ്ണം വന്നത് എന്നു തെളിവുണ്ടാക്കാനാണ് ജനം ടിവി മേധാവിയായിരുന്ന അനിൽ നമ്പ്യാർ പ്രതികളിൽ ഒരാളായ സ്വപ്നയെ വിളിച്ചത് എന്നു മൊഴിയുണ്ട്. കസ്റ്റംസിന്റെ മുന്നിൽ പ്രതികൾ നൽകുന്ന മൊഴിക്ക് കസ്റ്റംസ് ആക്റ്റ് 108 ആം വകുപ്പ് പ്രകാരം നിയമസാധുത ഉണ്ട്. ഈ നിലയ്ക്ക് ആരെയൊക്കെയാണ് മുരളീധരൻ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഹരീഷ് വാസുദേവൻ ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഡിപ്ലോമാറ്റിക്ക് ബാഗിലല്ല സ്വർണ്ണം കടത്തിയത് എന്നു ജനങ്ങളോട് പരസ്യമായി കള്ളം പറഞ്ഞത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആണ്. അങ്ങനെ മുരളീധരനോട് ആര് പറഞ്ഞു? മറിച്ചാണ് സത്യം എന്ന് പാർലമെന്റിൽ കസ്റ്റംസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പറയുന്നു.
ഡിപ്ലോമാറ്റിക് ബാഗിലല്ല സ്വർണ്ണം വന്നത് എന്നു തെളിവുണ്ടാക്കാനാണ് ജനം TV മേധാവിയായിരുന്ന അനിൽ നമ്പ്യാർ പ്രതികളിൽ ഒരാളായ സ്വപ്നയെ വിളിച്ചത് എന്നു മൊഴിയുണ്ട്. കസ്റ്റംസിന്റെ മുന്നിൽ പ്രതികൾ നൽകുന്ന മൊഴിക്ക് കസ്റ്റംസ് ആക്റ്റ് 108 ആം വകുപ്പ് പ്രകാരം നിയമസാധുത ഉണ്ട്.
ആരെ രക്ഷിക്കാനാണ് വിദേശകാര്യ സഹമന്ത്രി പരസ്യമായി പച്ചക്കള്ളം പറഞ്ഞത്? അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചത് എന്തിന്? വി.മുരളീധരൻ രാജി വെച്ചു മാപ്പ് പറയണമെന്നു ആവശ്യപ്പെടാൻ ഇവിടെ എത്ര ചാനലുകളും മാധ്യമങ്ങളും തയ്യാറാകും?

Exit mobile version