മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന്‍ ചെന്നുവീണത് ബൈക്കുടമ ഓടിച്ച ബസ്സിനു മുന്നില്‍, പിന്നീട് സംഭവിച്ചത്

ഉദയംപേരൂര്‍: മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന്‍ ചെന്നുവീണത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസിനു മുന്നില്‍. ഉദയംപേരൂര്‍ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കള്ളനെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ ബിജു അനി സേവ്യര്‍ എന്നയാളുടെ കാണാതായ ബൈക്കാണ് തിരികെ ലഭിച്ചത്. ബൈക്കുമായി കുതിക്കുകയായിരുന്ന കള്ളന്‍ ബിജു ഓടിച്ചിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു.

അപകടം സംഭവിച്ചതറിഞ്ഞ് ബിജു ബസ് നിര്‍ത്തി ബൈക്കോടിച്ചിരുന്നയാളെ രക്ഷിക്കാനായി എത്തി. ഇയാളെ എഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് ബിജു ബൈക്ക് ശ്രദ്ധിച്ചത്. താന്‍ കോട്ടയത്ത് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു.

ശേഷം ഇയാളെ പോലീസിന് കൈമാറി. യുവാവിന്റെ പക്കല്‍ നാല് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ കോട്ടയം വെസ്റ്റ് പോലീസെത്തി കൊണ്ടുപോയതായും ഉദയംപേരൂര്‍ പോലീസ് പറഞ്ഞു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസില്‍ പരാതി കൊടുത്തിരുന്നു.

Exit mobile version