ആ കൊറോണ വരുന്നതിന് മുമ്പേ കോട്ടയത്ത് ഈ കൊറോണയുണ്ട്, പക്ഷേ ആരും പേടിക്കേണ്ട

കോട്ടയം: കൊറോണ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് എല്ലാവര്‍ക്കും മനസ്സില്‍ ഭീതി നിറയും. ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊറോണയെ ജനങ്ങള്‍ക്ക് പേടിയാണ്. എന്നാല്‍ കോട്ടയത്തുള്ള ഈ കൊറോണയെ ആരും പേടിക്കേണ്ട.

ചുങ്കം മള്ളൂശേരി അംബ്രോസ് നഗറില്‍ മാത്തന്‍പറമ്പില്‍ ഷൈന്‍ തോമസിന്റെ ഭാര്യയാണ് എസ്. കൊറോണ. കായംകുളം ചൂളത്തെരുവ് ജെ.ബാബുവിന്റെയും സെലിന്റെയും മകള്‍. മാമോദീസയ്ക്ക് ചൂളത്തെരുവ് സെന്റ് ജോസഫ്‌സ് പള്ളിയില്‍ കൊണ്ടു ചെന്നപ്പോള്‍ വികാരി ഫാ. ജയിംസ് ആണ് കൊറോണ എന്നു പേരിട്ടത്.

മാമോദീസ ചടങ്ങിനു മുന്‍പ് വൈദികന്‍ ചോദിച്ചു: ‘കുട്ടിക്ക് ഇടാന്‍ പേരെന്തെങ്കിലും മനസ്സിലുണ്ടോ? ഇല്ലെന്നു പറഞ്ഞതോടെ അദ്ദേഹം തന്നെ പേരിട്ടു. വീട്ടുകാര്‍ ഒരു വിളിപ്പേരുമിട്ടു.: ‘ടിനു’.സ്‌കൂളിലെ പേര് കൊറോണ എന്നാണ്. ഇനിഷ്യല്‍ ഇല്ല.

പേരിന്റെ അര്‍ത്ഥം മനസ്സിലാവാതെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ ബൈബിളുമായി ബന്ധപ്പെട്ട പേരാണെന്നു പറയുമായിരുന്നു കൊറോണ. ‘കിരീടം’ എന്നാണ് അര്‍ഥമെന്നും. ഇപ്പോള്‍ ആ പേര് ലോകപ്രശസ്തമായതോടെ കായംകുളം ചൂളത്തെരുവ് സ്‌കൂളിലെ പഴയ കൂട്ടുകാര്‍ പലരും വിളിക്കുന്നുണ്ട്.

ഇംഗ്ലിഷില്‍ പേര് എഴുതുന്നതില്‍ വ്യത്യാസമുണ്ട്. Korona എന്നാണ് പേര് എഴുതുന്നത്. കാരിച്ചാല്‍ ഹോളിഫാമിലി പള്ളിയില്‍ 10 വര്‍ഷം മുന്‍പായിരുന്നു ഷൈനിന്റെയും കൊറോണയുടെയും വിവാഹം. ഇവര്‍ക്ക് 2 മക്കള്‍- വിദ്യാര്‍ഥികളായ കെവിന്‍, നവീന്‍.

ഇതില്‍ കെവിന്‍ ‘കൊറോണയമ്മ’ എന്നാണ് കൊറോണയെ ഇപ്പോള്‍ വിളിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ഷൈനിന്റെ കൂട്ടുകാരായ സിങ്കല്‍ തന്മയ, പ്രദീപ് എമിലി എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ വിഡിയോയിലൂടെയാണ് ‘കൊറോണ’ വിവരം നാടറിഞ്ഞത്. കൊറോണ പടര്‍ന്നുപിടിച്ചതോടെ ആ പേരുള്ള എസ് കൊറോണയും ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ്.

Exit mobile version