കാറിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിർണായകം

കണ്ണൂർ: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങൾക്കൊപ്പം കാറിൽ പുറപ്പെട്ട സലാഹുദ്ദീൻ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ മൂന്നേമുക്കാൽ മണിക്കൂറിന്റെ ഇടവേള സമയത്താണ് കൊലയാളികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കൂത്തുപറമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടർന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തിൽ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിർണായകമാണെന്നും പോലീസ് പറയുന്നു.

സലാഹുദ്ദീന്റെ കാറിൽ ബൈക്ക് ഇടിച്ചാണ് കുറ്റവാളികൾ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികൾ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങൾതന്നെ പറഞ്ഞുതീർത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികൾ പറഞ്ഞുവിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സലാഹുദ്ദീന് എതിരെ മുമ്പും ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറയുന്നു.

Exit mobile version