കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹകരിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കാമെന്ന വിലയിരുത്തലിലും, സംസ്ഥാന നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ എന്ന കാരണത്താലുമാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെുപ്പ് കമ്മിഷനെ അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍, സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തില്‍ ഈ വിഷയം ആവശ്യപ്പെടണം. ഒരു അപേക്ഷയായി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ എത്തുകയും വേണം. എന്നാല്‍ മാത്രമേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുകൂല തീരുമാനമെടുക്കാനാകൂ.

അതില്‍ സഹകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ വിളിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ഐഎംഎയും എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിന് കാരണമാകും അതിനാല്‍ മാറ്റി വയ്ക്കണമെന്നായിരുന്നു ഐഎംഎ പറഞ്ഞത്.

സംസ്ഥാന നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം മാത്രമാണ് കാലാവധി. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്.

Exit mobile version