മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ മൈക്ക് ഓഫായത് സംബന്ധിച്ച് കേസെടുത്ത സംഭവത്തിൽ പ്രചരിച്ച വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിൽ കേസെടുത്തതിനെ കുറിച്ച് സംസാരിക്കുന്നവർ കേസ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെപ്പറ്റി മിണ്ടുന്നില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

പോലീസ് കേസെടുക്കുന്നത് ആഭ്യന്തരമന്ത്രി അറിഞ്ഞിട്ടാണോ എന്നും റിയാസ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ കേസെടുത്തത് പിൻവലിക്കണമെന്ന് പറഞ്ഞതാണ്. പക്ഷേ, അത് വേണ്ടത്ര ആരും പറഞ്ഞുപോകുന്നില്ല. മുഖ്യമന്ത്രി അത് പറയണമെങ്കിൽ ആ കേസെടുത്തത് ശരിയല്ല എന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട് എന്നുള്ളതാണല്ലോ അതിൽനിന്ന് മനസിലാക്കേണ്ടതെന്നും റിയാസ് ചോദിക്കുന്നു.

എന്നാൽ മുഖ്യമന്ത്രി എത്ര ക്രൂരൻ, ഈ സർക്കാർ എന്തൊരു ക്രൂരത കാട്ടുന്ന സർക്കാരാണ്, അതിന് ചാടി കേസെടുത്തു എന്ന് തോന്നുന്ന നിലയിലുള്ള പ്രചാരണമാണ് ഇവിടെ നടത്തുന്നത്.

മൈക്കുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും തിരിച്ചുവിടാൻവേണ്ടിയുള്ള ഒരു നിലവാരം താഴ്ന്ന ഏർപ്പാട് നാട്ടിൽ നടക്കുന്നുണ്ടെന്നും റിയാസ് ആരോപിക്കുന്നു.

മുഖ്യമന്ത്രി ഇടപെട്ട് കേസ് വേണ്ടതില്ല എന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെടുന്നുണ്ട്? കോൺഗ്രസ് നേതാക്കൾ എത്രത്തോളം ഇത് പറയുന്നുണ്ട്. മിണ്ടുന്നുണ്ടോ. മിണ്ടുന്നില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

ALSO READ- ‘വാഹനമായാൽ ഇടിക്കും’ എന്ന് നമിതയെ ഇടിച്ചിട്ട ആൻസൺ; ഇയാൾ വിവിധ കേസുകളിൽ പ്രതി; കോളേജ് പരിസരത്ത് ചുറ്റിക്കറങ്ങൽ പതിവ്; ആശുപത്രി വളഞ്ഞ് വിദ്യാർത്ഥികൾ

കൂടാതെ, കേരളത്തിൽ ഒരു ദിവസം ശരാശരി ആയിരത്തിലധികം കേസ് വിവിധ പോലീസ് സ്റ്റേഷനുകളിൽ എടുക്കുന്നുണ്ട്. ഇതൊക്കെ ഓരോ ഘട്ടത്തിലും അഭ്യന്തര വകുപ്പ് മന്ത്രിമാർ അറിഞ്ഞിട്ടാണോയെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു.

1957 മുതലിങ്ങോട്ടെടുത്ത് പരിശോധിച്ചാൽ കേരളത്തിലെ ഓരോ കേസും അഭ്യന്തരമന്ത്രിമാരും അവരുടെ ഓഫീസും അറിഞ്ഞിട്ടാണോ എടുക്കുക? അല്ലല്ലോ. ഇവിടെ മുഖ്യമന്ത്രി കേസെടുക്കരുത് എന്ന് പറഞ്ഞുകഴിഞ്ഞിട്ടും അത് വിവാദമാക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജൻഡയുണ്ട്. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വേറെയൊന്നും പറയാനില്ലാത്തതുകൊണ്ട് എന്തെങ്കിലും പറയണമെന്ന ഭാഗമായിട്ടാണ് ഇതൊക്കെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version