കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്കെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്കിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്കിയതില്‍ വിജയം കണ്ടെത്താന്‍ സാധിച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ ചുക്കാന്‍ പിടിക്കാന്‍ ത്രാണിയുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പുകഴ്ത്തി. 2017ല്‍ ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നു നടന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയത്.

2019ല്‍ വീണ്ടും മലപ്പുറത്ത് നിന്ന് ജയിച്ച് എംപിയായി. അതേസമയം, കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തില്‍ ലീഗിന്റെ അഖിലേന്ത്യ ചുമതലകള്‍ ഇ ടി മുഹമ്മദ് ബഷീറിന് നല്കി.

Exit mobile version