ഭൂമിയിലെ സ്വര്‍ഗം; 21കാരന്‍ ഡെന്നീസ് മുതല്‍ ഒന്നരവയസ്സുകാരി ക്ലെയര്‍ മരിയ വരെ, എട്ട് കണ്മണികളുള്ള ബെന്നിയുടെ സ്‌നേഹക്കൂട്

ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയില്‍ കുന്നിന്‍പുറത്ത് ഒരു കുഞ്ഞുവീട് കാണാം. നെടുംതാനത്ത് ബെന്നിയുടെയും ജെസിയുടേയും വീടാണിത്. ഈ സ്‌നേഹക്കൂട്ടില്‍ എട്ട് കണ്മണികളാണുള്ളത്. കളിയും ചിരിയും കുസൃതികളും നിറഞ്ഞ സ്വര്‍ഗതുല്യമായ വീട്.

21 വയസ്സുള്ള ഡെന്നീസാണ് ബെന്നിയുടേയും ജെസിയുടേയും മൂത്തമകന്‍. ഒന്നര വയസ്സുകാരി ക്ലെയര്‍ മരിയയാണ് ഏറ്റവും ഇളയകുട്ടി. കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിക്കുകയാണ് ഡെന്നീസ് ബെന്നി. പിന്നാലെ 19 വയസ്സുകാരന്‍ ഡേവിസ് ബെന്നി. ഐ ഇ എല്‍ ടി എസ് പഠിക്കുന്നു.

പത്തു വയസ്സുകാരന്‍ ഡോണ്‍ മരിയന്‍ ബെന്നിയാണ് മൂന്നാമന്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിന്നാലെ ഒന്‍പതു വയസ്സുകാരി അല്‍ഫോന്‍സാ മരിയ ബെന്നി, മൂന്നാം ക്ലാസില്‍. ഏഴര വയസ്സുകാരന്‍ കുര്യാക്കോസ് ബെന്നിയാണ് അഞ്ചാമന്‍, രണ്ടാം ക്ലാസില്‍. ആറുവയസ്സുകാരന്‍ ആന്റണി മരിയന്‍ ബെന്നി യുകെജിയില്‍. ഫ്രാന്‍സിസ് നഴ്‌സറി വിദ്യാര്‍ഥിയാണ്.

21-ാം വയസ്സില്‍ വിവാഹിതയായപ്പോള്‍ ആറു മക്കള്‍ വേണമെന്ന ആഗ്രഹം ബെന്നി ജെസിയോടു പങ്കുവച്ചു. ”കുടുംബത്തില്‍ കുഞ്ഞുങ്ങളെ നോക്കി എനിക്കു മുന്‍ പരിചയമില്ല. ഇത്രയും മക്കളുടെ അമ്മയാകാന്‍ കൃപയുണ്ടെങ്കില്‍ അതിനൊരു ശക്തി തരണമെന്നു പ്രാര്‍ഥിച്ചു”. ജെസി പറയുന്നു.

ഓരോ ഗര്‍ഭകാലത്തും വിശുദ്ധരുടെ ജീവചരിത്രങ്ങളും ബൈബിള്‍ മുഴുവനും ജെസി വായിച്ചു. ഏഴു മക്കളെ പ്രസവിക്കുകയായിരുന്നു. എട്ടാമത്തെ കുഞ്ഞ് സിസേറിയനിലൂടെയാണ് പിറന്നത്. ശസ്ത്രക്രിയ ചെയ്തതിന്റേതായ ചെറിയ ബുദ്ധിമുട്ടുകളേയുള്ളൂ ജെസിക്ക്.

കുട്ടികളെ വളര്‍ത്തലൊക്കെ ജെസി തനിച്ചാണ്. ഭര്‍ത്താവു ബെന്നിയുടെ പൂര്‍ണപിന്തുണയുണ്ട്. മൂത്ത കുട്ടികള്‍ വലുതായപ്പോള്‍ ഇളയകുട്ടികളെ നോക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനുള്‍പ്പെടെ സഹായമായി. ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കില്‍ എല്ലാവരും കൂടി അതു പരിഹരിക്കുന്നതു കാണുമ്പോള്‍ മനസ്സു നിറയും- ജെസിയുടെ വാക്കുകളില്‍ നിറയെ അഭിമാനം.

”കുഞ്ഞുങ്ങള്‍ ചെറുതാണെങ്കിലും അവര്‍ക്കു പറ്റുന്ന ജോലി ചെയ്യിച്ചു വളര്‍ത്തണം. അതവരുടെ നന്‍മയ്ക്കുവേണ്ടിയാണ്. ഞങ്ങളുടെ മക്കള്‍ മൊബൈല്‍ഫോണില്‍ കളിക്കാറില്ല. പരസ്പരം സഹായിക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ സ്‌നേഹം രൂപപ്പെടുന്നുണ്ട്”. ജെസി പറയുന്നു.

മക്കളെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോയാലും കുഞ്ഞുങ്ങള്‍ വീഴ്ചകളോ, മുറിവുകളോ, വഴക്കോ ഉണ്ടാക്കാറില്ല. ചെയ്യരുതാത്തത് എന്താണെന്ന് മക്കള്‍ക്കു വേര്‍തിരിച്ചറിയാം. ദൈവത്തെ സ്‌നേഹിക്കുന്ന കുഞ്ഞുങ്ങളാകണം. ബാക്കി നന്‍മകള്‍ ദൈവം കൊടുത്തോളും- ജെസി കൂട്ടിച്ചേര്‍ത്തു.

Exit mobile version