കൂട്ടുകാരി തേടി വന്നത് തെളിവായി; വിവാഹത്തിനൊരുങ്ങിയ റോസമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; വരാന്ത കെട്ടാനും ശ്രമം; ബെന്നി കുരുങ്ങിയതിങ്ങനെ

ആലപ്പുഴ: പൂങ്കാവിൽ അറുപതുകാരിയെ സഹോദരൻ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. റോസമ്മ എന്ന അറുപതുകാരിയെയാണ് സഹോദരൻ ബെന്നി കൊലപ്പെടുത്തി വീടിനോട് ചേർന്ന ഭാഗത്ത് കുഴിച്ചുമൂടിയത്.

റോസമ്മ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. മേയ് ഒന്നാം തീയതി വിവാഹിതയാകാനിരിക്കെയാണ് ബെന്നി കൊലപാതകം നടത്തിയത്. തുടർന്ന് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ സാധാരണ ജീവിതം നയിച്ചു. എന്നാൽ അഞ്ചാം നാൾ കൊലക്കുറ്റം ഏറ്റുപറയേണ്ടി വരികയായിരുന്നു.

രോസമ്മയുടെ കൂട്ടുകാരി എലിസബത്ത് തേടി വന്നതോടെയാണ് ബെന്നി പരുങ്ങലിലായത്.റോസമ്മ വീട്ടുജോലിക്കായി തുമ്പോളിയിലുള്ള എലിസബത്തിന്റെ വീട്ടിൽ 2013-ൽ എത്തിയപ്പോൾമുതലുള്ള പരിചയമാണ്. എലിസബത്തിനു സുഖമില്ലാത്തതിനാൽ മൂന്നുവർഷത്തോളം അവിടെ ജോലിചെയ്തു. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കു ജോലിക്കായി പോയെങ്കിലും സൗഹൃദം തുടർന്നു. ദിവസവും ഒരുനേരംവിളിച്ചു വിശേഷങ്ങൾ പറയുമായിരുന്നു. എന്നാൽ തുടർച്ചയായി റോസമ്മയുടെ കോൾ വരാതിരിക്കുകയും ഫോൺ സ്വിച്ച്ഓഫ് ആവുകയും ചെയ്തതോടെയാണ് എലിസബത്ത് തിരഞ്ഞെത്തിയത്.

ഈ സമയത്ത് റോസമ്മ മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോയതാണെന്നാണ് ബെന്നി പറഞ്ഞത്. എവിടെ പോയാലും വിളിക്കുന്ന റോസമ്മ എന്തുകൊണ്ട് ഫോൺചെയ്യുന്നില്ലെന്ന സംശയത്തിൽ റോസമ്മയുടെ ബന്ധുവും വാർഡംഗവുമായ യുവതിയോട് എലിസബത്ത് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് കള്ളിവെളിച്ചത്താവുമെന്നായതോടെയാണ് ബെന്നി ബന്ധുവിനോടും പോലീസിനോടും കുറ്റം സമ്മതിച്ചത്.

ALSO READ- അനിൽ ആന്റണി 25 ലക്ഷം വാങ്ങിയതിന് തെളിവ്; ശോഭ സുരേന്ദ്രൻ ഭൂമിയിടപാടിന് 10 ലക്ഷം വാങ്ങി; മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുമായി ടിജി നന്ദകുമാർ

പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മ (61) യെയാണ് സഹോദരൻ ബെന്നി (63) കൊന്ന് കുഴിച്ചു മൂടിയത്. റോസമ്മയുടെ രണ്ടാം വിവാഹത്തിന്റെ പേരിൽ ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. ഇവരുമായി സ്വരച്ചേർച്ചയില്ല റോസമ്മ. സ്വന്തമായി അധ്വാനിച്ചായിരുന്നു റോസമ്മയുടെ ജീവിതം. സഹോദരൻ ബെന്നിക്കൊപ്പമാണ് റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരു വിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിക്കുകയും, കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹക്കാര്യവും ശരിയാവുകയും ചെയ്തു. ഇതേ ചൊല്ലിയാണ് ബെന്നിയുമായി തർക്കമുണ്ടായത്.

17ന് രാത്രിയാണ് റോസമ്മയെ കൊന്നതെന്നാണ് ബെന്നിയുടെ മൊഴി. ഇരുവരും സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിൻഭാഗത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ബെന്നിയുടെ മൊഴി അനുസരിച്ചാണ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയതെന്നും പോലീസ് പറഞ്ഞു.

റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിന്റെ വരാന്ത കെട്ടാനും ബെന്നി ശ്രമിച്ചു. ഇതിനായി സിമെന്റും സാമഗ്രികളും വാങ്ങാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി.

Exit mobile version