അടയ്ക്കാന്‍ ലോണുകള്‍ ഏറെയുണ്ട് നജീബിന്, പക്ഷേ ഒരു രൂപ പോലും പ്രതിഫലം വേണ്ട; കൊവിഡ് നെഗറ്റീവായവരെ വീട്ടിലെത്തിക്കാന്‍ ‘ഓടി’ ഈ കൊച്ചിക്കാരന്‍, നന്മ

കൊച്ചി; അടയ്ക്കാന്‍ ലോണുകള്‍ ഏറെയുണ്ടായിട്ടും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൊവിഡ് നെഗറ്റീവായവരെ വീടെത്തിക്കാനുള്ള ഓട്ടത്തിലാണ് കൊച്ചിക്കാരനായ നജീബ്. നേരം വെളുക്കുമ്പോള്‍ മുതല്‍ നജീബിനെ തേടി കോളുകളെത്തും, ”കൊവിഡ് 19 നെഗറ്റീവായിട്ടുണ്ട്, ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് പോകണം.’ ഡിസ്ചാര്‍ജ് ആകുന്ന സമയം കണക്കാക്കി കോവിഡ് സെന്ററോ ആശുപത്രിയോ എവിടെയും നജീബ് എത്തും.

കൊച്ചിയിലെ കോവിഡ് സെന്ററുകളില്‍നിന്ന് രോഗമുക്തി നേടി തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് നജീബിന്റെ സഹായം വലിയൊരു ആശ്വാസം കൂടിയാണ്. കൊവിഡ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നവരെ മാത്രമല്ല, ടെസ്റ്റിന് പോകേണ്ടവരേയും കൊവിഡുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും നജീബ് തയ്യാറാണ്. നാല്‍പതോളം പേരെ ഇതിനകം നജീബ് വീട്ടിലെത്തിച്ചു കഴിഞ്ഞു.

പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശിയായ നജീബ് കഴിഞ്ഞ പത്തു വര്‍ഷമായി ഓട്ടോ ഓടിക്കുന്നു. പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്. പക്ഷേ, തന്റെ ഈ സേവനത്തിന് മനുഷ്യത്വത്തിന്റെ നിറം നല്‍കാന്‍ മാത്രമാണ് നജീബിന് താല്പര്യം. പിന്തുണ പ്രഖ്യാപിച്ച് നജീബിന്റെ കുടുംബവും കൂട്ടിനുണ്ട്. ഭാര്യ സനൂജയും മക്കളായ ഫാത്തിമ സുരയ്യയും ആയിഷ നമിയയും മിസ്ബാഹുല്‍ ഹക്കും അടങ്ങുന്നതാണ് നജീബിന്റെ കുടുംബം. ഓട്ടം കഴിഞ്ഞ് നജീബ് വീട്ടിലെത്തുമ്പോഴേക്കും സനൂജ ആവി പിടിക്കാനും കുളിക്കാനുമായി ചൂടുവെളളം തയ്യാറാക്കി വെക്കും.

നജീബിന്റെ വാക്കുകള്‍ ഇങ്ങനെ;

‘സൗജന്യമായിട്ടാണ് ഞാനിത് ചെയ്യുന്നത്. കടം മേടിച്ച് കാശുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞാല്‍ പോലും ആരും വരാന്‍ തയ്യാറാകുന്നില്ലെന്ന് വിളിക്കുന്നവര്‍ പറയുമ്പോള്‍ പോകാതിരിക്കാനാവില്ല. എന്റെ കൈയില്‍ ഉണ്ടായിരുന്ന ചെറിയ സമ്പാദ്യമെടുത്തു. പിന്നെ ലോണടയ്ക്കാന്‍ വെച്ച പൈസയെടുത്തു. എന്തായാലും മോറോട്ടോറിയം ഉണ്ടല്ലോ, പിടിച്ചുനില്‍ക്കാം. ഈ പോരാട്ടത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന ചിന്തയില്‍ നിന്നാണ് സിയാലില്‍ പോയി രോഗമുക്തി നേടിയ ഒരാളെ എടുക്കാന്‍ തീരുമാനിക്കുന്നത്. നമുക്ക് നമ്മുടെ സമൂഹത്തോട് ഒരു കടപ്പാടുണ്ടല്ലോ.മാത്രമല്ല ഇവരെയൊക്കെ ജനങ്ങള്‍ കാണുന്നത് വേറൊരു കാഴ്ചപ്പാടിലാണ്. പോസിറ്റീവായാലും നെഗറ്റീവ് ആയാലും ആരും ഇവരെ കൂടെ നിര്‍ത്തുന്നില്ല, വാഹനത്തില്‍ കയറ്റുന്നില്ല. ആളുകള്‍ക്ക് ഭയമുണ്ട്. ഇവരെ ഇങ്ങനെ മാറ്റിനിര്‍ത്തരുത് എന്ന് സമൂഹത്തോട് പറയണമെന്ന് തോന്നി. ചെയ്തു കാണിച്ച് മാതൃകയാകണമെന്ന് തോന്നിയതുകൊണ്ടാണ് സ്വയം ഇറങ്ങിയത്. സിയാലില്‍നിന്ന് രോഗമുക്തി നേടിയ ആളെ വീട്ടിലെത്തിച്ചു കഴിഞ്ഞതോടെ എനിക്ക് നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങി. പിന്നെ ഞാനതങ്ങ് ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

‘ ഒരിക്കല്‍ നെഗറ്റീവായി കോവിഡ് സെന്ററില്‍നിന്ന് എന്റെ ഓട്ടോയില്‍ കയറിയയാള്‍ വീണ്ടും പോയത് ക്വാറന്റീന്‍ സെന്ററിലേക്കാണ്. വീട്ടില്‍ പോയാലും ഏഴു ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്ന് പറഞ്ഞിരുന്നു, വീട്ടില്‍ ഒരു മുറിയുളളൂവെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. വല്ലാത്ത സങ്കടമായിപ്പോയൊരു കാര്യമാണത്. ഇതൊക്കെ കാണുമ്പോള്‍ ഞാനിതെങ്ങനെ നിര്‍ത്താനാണ്. ഞാനിങ്ങനെ ചെയ്യുന്നത് കാണുമ്പോള്‍ മറ്റുളളവര്‍ക്ക് ഇതിനോടുളള പേടിയെങ്കിലും കുറയുമല്ലോ.’

‘ആരുവിളിച്ചാലും ഇല്ലാന്ന് പറയാന്‍ തോന്നുന്നില്ല.ഇന്നെനിക്ക് സിയാലില്‍നിന്ന് മൂന്നുപേരെയും യു.സി. കോളേജില്‍നിന്ന് ഒരാളെയും എടുക്കാനുണ്ട്. മട്ടാഞ്ചേരിയില്‍നിന്ന് നാലു പേര് വിളിച്ചിട്ടുണ്ട്. എല്ലാവരേയും ടൈം അഡ്ജസ്റ്റ് ചെയ്ത് നിര്‍ത്തിയേക്കുവാണ്. എല്ലാവരേയും കൊണ്ടുവരണം. ഇന്ന് ടൈം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ പത്തു പേരെ എടുക്കണം. മട്ടാഞ്ചേരിയില്‍ ഒന്നരയോടെ ഡിസ്ചാര്‍ജ് സമ്മറി കൊടുക്കുവാണേല്‍ ഒരു മണിക്കൂറിനുള്ളില്‍ എനിക്കവരെ പള്ളുരുത്തിയില്‍ എത്തിക്കാം. ഓണത്തിന്റെ തിരക്കുളളതുകൊണ്ട് അവിടത്ത് സിയാലിലെത്താന്‍ ചിലപ്പോള്‍ രണ്ടുമണിക്കൂര്‍ പിടിക്കും.’

രോഗമുക്തി നേടിയവരെ വീട്ടിലിറക്കി കഴിഞ്ഞിട്ട് അവര് വന്ന് ഒരു നില്‍പ്പുണ്ട് നമ്മുടെ മുന്നില്, യാത്ര പറയാന്‍ വേണ്ടീട്ട്. ഞാനീ കടം എങ്ങനെ വീട്ടും എന്ന മട്ടിലുളള നില്‍പ്. അപ്പോ ആ കണ്ണുകളില്‍ നമുക്കവരുടെ മനസ്സ് കാണാം. രാത്രി പത്തുമണിക്ക് അല്ലെങ്കില്‍ പതിനൊന്നുമണിക്ക് വീട്ടില്‍ വന്ന് കിടന്ന് ഇതൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്തൊരു സംതൃപ്തിയാണ്, അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.

Exit mobile version