പ്രതിപക്ഷ നേതാവിന്റെ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.അതേ സമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പോലീസ് സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധന തുടങ്ങി.തീപിടിത്തത്തില്‍ ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന.പരിശോധനകളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.

കൂടാതെ ഭാഗികമായി കത്തി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.താല്‍ക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തില്‍ സ്ഥാപിച്ചു.

അതേസമയം സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിലെ സുരക്ഷാ വീഴ്ചയില്‍ പോലീസുകാര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്നും വിവരമുണ്ട്.പോലീസുകാര്‍ക്ക് പുറമേ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.മാത്രമല്ല,സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നല്‍കിയില്ലെന്നത് സംബന്ധിച്ച കാര്യവും പരിശേധിച്ച് നടപടിയെടുക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Exit mobile version