സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചെന്ന് ചെന്നിത്തല; ഗസ്റ്റ്ഹൗസ് റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് കത്തിയതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം; നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകളും നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. അതേസമയം പ്രോട്ടോക്കോള്‍ വിഭാഗം ഇക്കാര്യം നിഷേധിച്ചു. തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകള്‍ നശിച്ചു. സംഭവത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു. വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകള്‍ നശിച്ചു എന്ന് രമേശ് ചെന്നിത്തല പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കല്‍ ആണ് ഉണ്ടായത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകള്‍ കത്തി. നാല്‍പത് മീറ്ററോളം ദുരെ ഉള്ള ഫയലുകള്‍ വരെ കത്തി നശിച്ചു. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്ന് പോലും ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാല്‍ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണിയും പറഞ്ഞു.

Exit mobile version