വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; എറണാകുളത്ത് 1006 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പട്ടയം നൽകി സർക്കാർ

കൊച്ചി: ഏറെ നാളായി പട്ടയത്തിനായി കാത്തിരിപ്പിലായിരുന്ന എറണാകുളം ജില്ലയിലെ അർഹരായ 1006 കുടുംബങ്ങൾക്ക് സർക്കാർ പട്ടയം നൽകി. അർഹരായ എല്ലാവരുടെയും ഭൂമിക്ക് പട്ടയം നൽകുക എന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1.40 ലക്ഷം പേർക്ക് പട്ടയം അനുവദിച്ചതായും പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമടക്കം വിവിധ പ്രതിസന്ധികൾ തരണം ചെയ്ത് പട്ടയവിതരണം സാധ്യമാക്കിയ റവന്യൂവകുപ്പ് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതി ഉൾപ്പെടെ വിവിധ ഭവനനിർമ്മാണ പദ്ധതികളിൽ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രധാനപ്പെട്ടതാണെന്നും അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷത്തിനുളളിൽ ആറ് പട്ടയമേളകളിലൂടെ ജില്ലയിൽ 2899 പട്ടയങ്ങൾ വിതരണം ചെയ്തതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ല കളക്ടർ എസ് സുഹാസ് പറഞ്ഞു. കുട്ടമ്പുഴ മേഖലയിലെ 600 പട്ടയങ്ങളുടെ വിതരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും കളക്ടർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കളക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ എംഎൽഎ പി രാജു, ജില്ലാ കളക്ടർ എന്നിവർ ചേർന്ന് പട്ടയങ്ങൾ കൈമാറി. താലൂക്ക് തലത്തിൽ സംഘടിപ്പിച്ച പട്ടയമേളകളിൽ എംഎൽഎമാരായ കെജെ മാക്‌സി, ആന്റണി ജോൺ, എൽദോ എബ്രഹാം എന്നിവർ പങ്കെടുത്തു.

എസ് ശർമ്മ എംഎൽഎ, എഡിഎം സാബു കെ ഐസക്ക്, ഡെപ്യൂട്ടി കളക്ടർ എംവി സുരേഷ് കുമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു. വില്ലേജ് ഓഫീസുകളിലൂടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടയവിതരണം പൂർത്തിയാക്കും.

വിവിധ താലൂക്കുകളിൽ വിതരണം ചെയ്ത പട്ടയങ്ങൾ കൊച്ചി 208, കോതമംഗലം 145, മൂവാറ്റുപുഴ 37, കുന്നത്തുനാട് 31, കണയന്നൂർ 5, പറവൂർ, ആലുവ താലൂക്കുകളിൽ 4 വീതം, ശേഷിക്കുന്ന പട്ടയങ്ങളിൽ എൽ.ഡി പട്ടയം 350, ദേവസ്വം പട്ടയം 212, കൈവശരേഖ 10 എന്നിങ്ങനെയാണ്.

Exit mobile version