മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനിൽപ്പിന് നിലവിൽ ഭീഷണിയൊന്നുമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 130 അടിയാണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാൽ അണക്കെട്ട് സുരക്ഷിതമാണ്. സുരക്ഷിതമല്ലെന്ന വാദം തെറ്റാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

മൺസൂൺ കാലത്ത് മഴ അതിശക്തമാകുമ്പോൾ ജൂലൈ മുതൽ സെപ്റ്റംബർ വരയുള്ള മാസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവേ ആണ് കേന്ദ്ര ജലകമ്മീഷന് വേണ്ടി അറ്റോർണി ജനറൽ കോടതിയിൽ നിലപാട് അറിയിച്ചത്.

അതേസമയം അപേക്ഷ ഫയൽ ചെയ്ത റസ്സൽ ജോയിയുടെ അഭിഭാഷകൻ വിഷയം പരിഗണിക്കുന്നത് നാല് ആഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണം എന്ന് കോടതിയോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

2020 ജനുവരി ഒന്നിനും മെയ് 30 നും ഇടയിൽ 62 ഭൂചലനങ്ങൾ ആണ് മുല്ലപെരിയാർ മേഖലയിൽ ഉണ്ടായതെന്ന് ഇടുക്കി സ്വദേശി ആയ റസ്സൽ ജോയ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് വലിയ ഭൂകമ്പ സാധ്യതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നതെന്നും ജനങ്ങൾ വളരെ ഭീതിയോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയിൽ വ്യകതമാക്കിയിട്ടുണ്ട്.

Exit mobile version