ഇടുക്കിയിൽ പക്ഷാഘാതം വന്ന രോഗിയെ ഒന്നര മണിക്കൂർ കടത്തിണ്ണയിൽ കിടത്തി ആംബുലൻസ് ഡ്രൈവർ

ഇടുക്കി: ഇടുക്കി പഴയരികണ്ടത്ത് പക്ഷാഘാതം വന്ന രോഗിയെ കടത്തിണ്ണയിൽ കിടത്തി പണം ആവശ്യപ്പെട്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിനടക്കമുള്ള മുഴുവൻ പണവും കിട്ടാതെ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാനാവില്ലെന്ന് വാശി പിടിച്ചാണ് ആംബുലൻസ് ഡ്രൈവർ മനസാക്ഷിയില്ലായ്മയുടെ പര്യായമായത്.

തുടർന്ന് ഒന്നര മണിക്കൂർ നേരമാണ് കഞ്ഞിക്കുഴി സ്വദേശി ഷാജി കനിവ് കാത്ത് കടത്തിണ്ണയിൽ കിടന്നത്. ഒടുവിൽ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പിരിവിട്ട് പണം നൽകിയതോടെയാണ് ആംബുലൻസ് ഡ്രൈവർ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കഞ്ഞിക്കുഴി വ്യാപാരി വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്. ഇതേ രോഗിയെ കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊണ്ടുപോയപ്പോൾ മുഴുവൻ തുക തരാത്തതിനാലാണ് ഇത്തവണ കടുപിടുത്തതിലേക്ക് പോയതെന്നാണ് ആംബുലൻസ് ഡ്രൈവറുടെ അവകാശവാദം.

Exit mobile version