പിറന്നുവീണ കുഞ്ഞിനെ ഒരുനോക്കുപോലും കാണാന്‍ കഴിഞ്ഞില്ല, മക്കളെ തനിച്ചാക്കി ഒടുവില്‍ ശ്യാമിലി യാത്രയായി

പാലക്കാട്: തന്റെ പിഞ്ചോമനകളെ ലാളിച്ച് കൊതിതീരാതെ ശ്യാമിലി യാത്രയായി. ചികിത്സയ്ക്കായി ഒട്ടേറെ പേര്‍ ധനസഹായവുമായെത്തിയെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെയാണ് പല്ലശ്ശന പാറക്കളം പുത്തോട്ട് തറയില്‍ എം.സുനിലിന്റെ ഭാര്യ ശ്യാമിലി (26) മടങ്ങിയത്. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു മരണവാര്‍ത്തയെത്തിയത്. നാലു വയസ്സുകാരി സിത്താരയെയും പിറന്നുവീണു ദിവസങ്ങള്‍ മാത്രമായ കുഞ്ഞനുജത്തിയെയും തനിച്ചാക്കിയാണ് ശ്യാമിലി വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെയാണ് ശ്യാമിലിക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.

ഗര്‍ഭിണിയായിരിക്കെ അസഹ്യമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ ചികിത്സയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍, ചികിത്സ തുടങ്ങുമ്പോഴേക്കും ശ്വാസകോശത്തില്‍ മുഴുവന്‍ രോഗം വ്യാപിച്ചിരുന്നു.

ഒടുവില്‍ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റി. ഇതിനിടെ രോഗം മൂര്‍ഛിച്ചതോടെ, എട്ടു മാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാല്‍ കുഞ്ഞിന്റെ മുഖം ഒരു നോക്കു പോലും കാണാന്‍ ശ്യാമിലിക്ക് കഴിഞ്ഞില്ല.

ഇന്നലെ രാവിലെ ആരോഗ്യനിലയില്‍ അല്‍പം പുരോഗതിയുണ്ടായതു നേരിയ പ്രതീക്ഷയുണ്ടായെങ്കിലും ഉച്ചയോടെ എല്ലാം പൊടുന്നതിനിടെ തകിടം മറിഞ്ഞു മരണം സംഭവിച്ചു. മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10ന് എലവഞ്ചേരി തൂറ്റിപ്പാടം വാതകശ്മശാനത്തില്‍.

Exit mobile version