മലപ്പുറത്ത് ടെക്സ്‌റ്റൈല്‍സില്‍ വന്‍ അഗ്‌നിബാധ; മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

മലപ്പുറം: എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഹംസ ടെക്സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് വൈകുന്നേരം നാലു മണിയോടെയാണ് തീപ്പിടിച്ചത്. ആദ്യം മുകളിലത്തെ നിലയിലാണ് തീ കണ്ടത്. തുടര്‍ന്ന് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വളരെ വേഗം തീ കത്തിപ്പടരുകയായിരുന്നു.

സമീപത്തെ അഗ്‌നിശമന സേനാ കേന്ദ്രത്തില്‍നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളം തീര്‍ന്നതിനാല്‍ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. പിന്നീട് വീണ്ടും തീ ശക്തമാവുകയും സമീപത്തെ കെട്ടിടങ്ങളിലേയ്ക്കു കൂടി പടരുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. പിന്നീട് അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കുകയാണ്.

മുകളിലെ നിലയില്‍ തീ കണ്ട ഉടന്‍ തന്നെ ജീവനക്കാരെ കെട്ടിടത്തില്‍ലനിന്ന് മാറ്റിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ പുകയും പ്രദേശത്ത് ഉയര്‍ന്നിട്ടുണ്ട്. തീരൂര്‍ കോട്ടക്കല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

Exit mobile version