പമ്പ ഡാമിലെ ഷട്ടറുകൾ ഉടൻ തുറക്കും; റാന്നി ടൗണിലേക്ക് വെള്ളമെത്തും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

പത്തനംതിട്ട: ഡാമിന്റെ പരിസരത്ത് മഴ കനത്തതോടെ പമ്പ ഡാമിലെ ഷട്ടറുകൾ ഉടൻ തുറക്കും. ഇതോടെ പമ്പയിൽ നിന്നുള്ളവെള്ളം ഒഴുകി റാന്നി ടൗണിൽ എത്തും. ഡാം തുറക്കുന്നതിന് മുന്നോടിയായിറാന്നിയിലും ആറൻമുളയിലും തിരുവല്ലയിലും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളെ ബോട്ടുകളുമായി തയാറാക്കി നിർത്തിയിട്ടുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

ജില്ലയിൽ ഉച്ചക്കു ശേഷവും രാത്രിയും ഉള്ള ഉയർന്നതോതിലുള്ള മഴമൂലം ഡാമിലെ ജലനിരപ്പ് ഉയർന്ന് അണക്കെട്ട് രാത്രിയിൽ തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അതിനാൽ പമ്പാ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം ഉയർത്തി 82 ക്യുബിക് മീറ്റർ / സെക്കൻറ് ജലം തുറന്നു വിടുകയാവും ചെയ്യുക. ഇത്രയും ജലം ഒമ്പത് മണിക്കൂർ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ ആയ 982 മീറ്ററിൽ എത്തിക്കാൻ സാധിക്കും. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്കാകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താൻ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരും. ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്ന് ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ വെള്ളമാണ്.

ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ്ആർഎല്ലിലേക്ക് ഉയർന്ന് വലിയ തോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്ത് താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Exit mobile version