കേരളം വെള്ളപ്പൊക്കത്തിന്റെ വക്കിൽ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഡാമുകൾ ഷട്ടർ ഉയർത്തി തുടങ്ങി; മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ശക്തമായ മഴയയ്ക്കും കാറ്റിനും പിന്നാലെ തെക്കൻ കേറളത്തിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്തെ മിക്ക ഡാമുകളുടേയും ഷട്ടറുകൾ ഉയർത്തിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. മിക്ക നദികളിലും ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയ്ക്കടുത്താണ് വെള്ളത്തിന്റെ ഉയർച്ച കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ നദികളുടെയും മറ്റ് ജലാശയങ്ങളുടേയും അടുത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കിഴക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ അരുവിക്കര ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 20 സെന്റിമീറ്റർ കൂടി ഉയർത്തിയിരുന്നു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെയും ഒട്ടുമിക്ക അണക്കെട്ടുകളും നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. കബനി നദിയിൽ കർണാടക ഭാഗത്തുള്ള അണക്കെട്ടിൽനിന്ന് ഇന്നലെ മുതൽതന്നെ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കർണാടക വനത്തിനകത്ത് ഉരുൾപ്പൊട്ടലുണ്ടായതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്.

പത്തനംതിട്ട മണിയാർ ബാരേജിന്റെ 5 ഷട്ടറുകൾ 10 മുതൽ 120 സെന്റീ മീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഈ മാസം നാലാം തീയതി മുതൽ മണിയാർ ബാരേജിന്റെ ഷട്ടറുകൾ തുറന്നിരുന്നു. നിലവിൽ ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.ഈ മാസം ഒൻപത് വരെ പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ മാസം 10 വരെ മണിയാർ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.

മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഈ മാസം 10 വരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ അഞ്ചു ഷട്ടറുകൾ 10 സെന്റീമീറ്റർ മുതൽ 120 സെന്റീമീറ്റർ വരെ ഉയർത്തിയേക്കാം. മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 30 സെന്റീമീറ്റർ മുതൽ 2 മീറ്റർ വരെ ജലനിരപ്പ് ഉയരാൻ കാരണമാകും. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു

കോതമംഗലം ആറിലെ ജലനിരപ്പ് അപകടകരമാം വിധത്തിൽ ഉയർന്നിട്ടുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. 9.015 ആണ് കോതമംഗലം ആറിന്റെ വെള്ളപ്പൊക്ക സാധ്യതാ ജലനിരപ്പ്, എന്നാൽ രാവിലെയോടെ തന്നെ ആറ്റിലെ ജലനിരപ്പ് 10.005 കഴിഞ്ഞിരുന്നു. പല്ലാരിമംഗലം, കോതമംഗലം മുനിസിപ്പാലിറ്റി, വാരാപ്പെട്ടി, പായിപ്ര, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തൊടുപുഴ ആറിലും കിള്ളിയാറിലും കോതമംഗലം ആറിലും മൂവാറ്റുപുഴ ആറിലും വെള്ളപ്പൊക്ക സാധ്യതാ നിരക്കിനടുത്താണ് വെള്ളം പൊങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ എപ്പോൾ വേണമെങ്കിലും വെള്ളപ്പൊക്കം ഉണ്ടാകാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിക്കുന്നു. മൂവാറ്റുപുഴ, പെരിയാർ നദീതീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. വണ്ണപ്പുറത്ത് 5.5 മില്ലി മീറ്റർ വീതവും പിറവത്ത് 12.2 മില്ലി മീറ്ററും കീരംപാറയിൽ 1.2 മില്ലി മീറ്ററുമാണ് മഴ ലഭിക്കുന്നത്.

Exit mobile version