‘വിമര്‍ശനമാകാം, കുത്തിത്തിരിപ്പ് വേണ്ട’; ചെന്നിത്തലയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പോലീസിനെ കൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുകയാണ്. പോലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു എന്നെ ഉള്ളൂ. ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല പോലീസ് ചെയ്യുന്നത്. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് രാജെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം എന്തുകണ്ടിട്ടെന്നും, വിമര്‍ശനങ്ങളാവാം, പക്ഷേ കുത്തിത്തിരിപ്പ് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരും പോലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ മൂലം ആരോഗ്യപ്രവര്‍ത്തകര്‍ ക്ഷീണിച്ചിട്ടുണ്ട്. ഇവര്‍ക്ക് സഹായം എന്ന രീതിയിലാണ് പോലീസിനെ ഉള്‍പ്പെടുത്തിയത്.

ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോള്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിംഗ് കൂടുതല്‍ വിപുലമായി. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സമ്പര്‍ക്കം കണ്ടെത്താന്‍ സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കേണ്ടതുണ്ട്. അതിനാണ് പോലീസിന്റെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല പോലീസ് ചെയ്യുക. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. രോഗ വ്യാപനം വര്‍ധിക്കണം എന്ന മാനസികാവസ്ഥയിലുള്ളവരാണ് ഇക്കാര്യത്തില്‍ തെറ്റുദ്ധാരണ പരത്തുന്നത്. – മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് യാത്ര ചെയ്തവരുണ്ടാകാം. അവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാകും. സൈബര്‍ സഹായം ഉള്‍പ്പടെ വേണ്ടി വരാം. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതില്‍ പോലീസിന് കൂടുതല്‍ ഇടപെടാനാകും. കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയില്‍ നടത്തിയേ തീരൂ. ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

സംസ്ഥാനത്തെ പോലീസ് രാജാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇത് എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം? -മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവര്‍ തന്നെ പേറണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സയെന്ന നിര്‍ദേശം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. വിദഗ്‌ധോപദേശം അടക്കം തേടിയാണ് ഇത് സ്വീകരിച്ചത്. ചിലര്‍ ഇതിനെ വളച്ചൊടിച്ചു. സംസ്ഥാനം ചികിത്സയില്‍ നിന്ന് പിന്മാറുന്നുവെന്നായിരുന്നു പ്രചാരണം. അതേ തരം പ്രചാരണമാണ് പോലീസിന്റെ കാര്യത്തിലും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കുന്നത് നമ്മുടെ പ്രതിരോധത്തെയാണ് തളര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്. അപകടത്തിലാക്കുന്നത് സമൂഹത്തെയാണ്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണ് പോകരുത്. കോണ്ടാക്ട് ട്രേസിംഗിനായി എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള ടീം പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡുകളുടെ സേവനം ശക്തിപ്പെടുത്തി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version