പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും, ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി ആരോഗ്യവകുപ്പ് ഗര്‍ഭിണികള്‍ക്കു കോവിഡ് 19 വൈറസ് പരിശോധന നിര്‍ബന്ധമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ ചികിത്സാ കേന്ദ്രം അടയ്‌ക്കേണ്ടി വരുന്നതു ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് പരിശോധന നിര്‍ബന്ധമാക്കുന്നത്. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കാന്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആന്റിജന്‍ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തണം.

പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ കോവിഡ് ആശുപത്രിയിലേക്കു മാറ്റും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരെയും പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും സ്വകാര്യ ആശുപത്രികള്‍ കയ്യൊഴിയുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ നീക്കം. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 1083 പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍
16 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

Exit mobile version