ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കൊവിഡ്; പരിശോധന തുടരുന്നു; സഹകരിക്കാതെ ആളുകൾ

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ചന്തയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ ചന്തയിലെ 33 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ആരോഗ്യ വകുപ്പ് ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റുമാനൂർ മാർക്കറ്റ്.

പേരൂർ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജൻ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിൽ 33 പേരുടേതാണ് നിലവിൽ പോസിറ്റീവായത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ പരിശോധന വീണ്ടും നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ചന്തകൾ കേന്ദ്രീകരിച്ച് കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ചങ്ങനാശ്ശേരിയിലെയും വൈക്കത്തെയും ചന്തകളിൽ സമാന സ്ഥിതിയായിരുന്നു. ഏറ്റുമാനൂരിൽ തുടക്കത്തിൽ ആശങ്ക നിലനിന്നിരുന്നെങ്കിലും പിന്നീട് വന്ന പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ഏറ്റുമാനൂരിൽ കടകൾ തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് ആശങ്ക ഉയർത്തി റിപ്പോർട്ട് പുറത്തുവന്നത്. 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറെ ദിവസം കൂടി അടച്ചിടേണ്ടി വരും. പരിശോധനയുമായി ആളുകൾ സഹകരിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഇന്ന് മുൻകൂട്ടി അറിയിക്കാതെ മാർക്കറ്റിൽ ആരോഗ്യപ്രവർത്തകർ എത്തി പരിശോധന നടത്തുകയായിരുന്നു.

Exit mobile version