മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ്, വിവാഹചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണം, സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് തവിഞ്ഞാലിലാണ് സംഭവം. ആന്റിജന്‍ പരിശോധനയിലാണ് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ വിവാഹചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണമുണ്ട്.

പ്രദേശത്ത് ഇന്ന് കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വയനാട്ടില്‍ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 384 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി.

ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ജില്ലയില്‍ ചികില്‍സയിലുളളത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 927 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Exit mobile version