സ്‌പെഷ്യൽ മാര്യേജ് ആക്ടിലൂടെ വിവാഹിതരാകുന്നവരുടെ വിവരങ്ങൾ ഇനി വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കില്ല; നടപടിയുമായി മന്ത്രി ജി സുധാകരൻ

വർഗ്ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു: സ്‌പെഷ്യൽ മാര്യേജ് ആക്ടിലൂടെ വിവാഹിതരാകുന്നവരുടെ വിവരങ്ങൾ ഇനി വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കില്ല; നടപടിയുമായി മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: ഇനി സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാൻ ആഗ്രഹിക്കുന്നവുടെ അപേക്ഷകൾ ഉൾപ്പടെയുള്ളവ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കില്ല. വധൂവരന്മാർ ഉദ്യോഗസ്ഥന് സമർപ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തിവെയ്ക്കുന്നതിന് നിർദേശം നൽകിയതായി പൊതുമരാമത്ത്, രജിസ്‌ട്രേഷൻ മന്ത്രി ജി സുധാകരനാണ് അറിയിച്ചത്. പകരം ഈ നോട്ടീസ് സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.

1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർ നിയമാനുസരമുള്ള നോട്ടീസ് വിവാഹ ഓഫീസർക്ക് സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിർപ്പുണ്ടെങ്കിൽ ആയത് സമർപ്പിക്കുന്നതിനുമായാണ് പ്രദർശിപ്പിക്കേണ്ടത്. 2018ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതോടെ അപേക്ഷകരുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ രജിസ്‌ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ സേവനങ്ങളായി മാറിയതോട് കൂടി ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

എന്നാൽ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത് നിർത്തിവെയ്ക്കാൻ നിർദേശിച്ചതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

വിവാഹ നോട്ടീസുകൾ രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉൾപ്പെടുന്ന സബ് രജിസ്ട്രാർ ഓഫീസുകളുടെ നോട്ടീസ് ബോർഡുകളിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് നിർദേശം.

Exit mobile version