അമ്മയുടെ ചികിത്സയ്ക്കാവശ്യമായതിന്റെ ബാക്കി തുക തനിക്ക് വേണമെന്ന് സഹായിക്കാനെത്തിയ ആള്‍, ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് വര്‍ഷ, ഡിസിപി ഇടപെട്ടു

കൊച്ചി: അമ്മയുടെ ചികിത്സ നടത്താന്‍ പണമില്ലാത്തതിനാല്‍ പൊട്ടിക്കരഞ്ഞ കണ്ണൂര്‍ സ്വദേശിനി വര്‍ഷയെ മലയാളികള്‍ ചേര്‍ത്തുപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമുള്ളതിലുമധികം പണം അവര്‍ നല്‍കി. അവളെ സ്‌നേഹം കൊണ്ട് മൂടി. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞെട്ടിക്കുന്നതാണെന്ന്‌ വര്‍ഷ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

ചികിത്സയ്ക്കു പണം ഇല്ലാത്തതറിഞ്ഞു തന്നെ ആദ്യം സഹായിക്കുന്നതിന് എത്തിയ സാജന്‍ കേച്ചേരി എന്നയാളും അദ്ദേഹത്തിന്റെ ആളുകളും ഫോണില്‍ വിളിച്ചും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന്‌ വര്‍ഷ പറയുന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് വര്‍ഷ ഇക്കാര്യം പറഞ്ഞത്.

അതോടൊപ്പം അപരിചിത നമ്പരുകളില്‍നിന്നു വിളിച്ചു സാജന്‍ പറഞ്ഞിട്ടാണു വിളിക്കുന്നത്, പണം നല്‍കുമെന്നു പറഞ്ഞു എന്ന മട്ടിലുള്ള സഹായ അഭ്യര്‍ഥനകളും എത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്ന വര്‍ഷ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു ലഭിച്ച പരാതിയെ തുടര്‍ന്നു പൊലീസ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.

എറണാകുളം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്റെ താല്‍ക്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്‌ഐ സജിയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. കോവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടര്‍ന്നു സ്ഥലം എസ്‌ഐ രൂപേഷ് ക്വാറന്റീനിലായ സാഹചര്യത്തിലാണ് ഇത്.

പരാതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എസ്‌ഐ ഇവിടെ എത്തി യുവതിയുമായി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് എത്തി വിവരങ്ങള്‍ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരിക്കുന്നത്. അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോഴാണ് വര്‍ഷ കേരളത്തിനു മുന്നില്‍ കൈനീട്ടിയത്.

സഹായിക്കാനായി എത്തിയ സാജനും മറ്റും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാല ഒരു കോടി 35 ലക്ഷം രൂപയോളം രൂപയാണ് പെണ്‍കുട്ടിയുടെ അക്കൗണ്ടിലെത്തിയത്. ചികിത്സയ്ക്കായി ആവശ്യമുള്ളത് 30 ലക്ഷം രൂപയാണ്.

ഇത് കഴിച്ചുള്ള ബാക്കി തുക തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ടിലേക്കു മാറ്റണമെന്നാണു സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് എന്നു കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫെയ്‌സ്ബുക് ലൈവിലൂടെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ യുവതിയെ സഹായിക്കുന്നവര്‍ക്കു നേരെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്.

അതേസമയം, തനിക്കു ലഭിച്ച തുക ഉപയോഗിച്ചു തന്നോടൊപ്പം ചികിത്സയിലുള്ള ഒരു യുവതിയെ സഹായിക്കുന്നുണ്ടെന്നും ബാക്കി തുകയുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണു യുവതിയുടെ നിലപാട്.

Exit mobile version