വിവാഹസമ്മാനമായി നാട്ടിലെ ശോചനീയാവസ്ഥയിലുള്ള അങ്കണവാടിക്കായി ഭൂമി നൽകി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷവും; മാതൃകയായി പ്രജോഷും വർഷയും

കൽപകഞ്ചേരി: മലപ്പുറം വളവന്നൂർ കന്മനം രണ്ടാലിൽ നടന്ന ഈ വിവാഹം നാടിന് തന്നെ വലിയ ആഘോഷമായിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന വിവാഹമായതിനാൽ തന്നെ അതിഥികളെയൊന്നും ക്ഷണിച്ചിരുന്നില്ല. എന്നാൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാനാകാത്ത നാട്ടുകാർക്ക് വിരുന്നായി വരൻ വെള്ളിയോട്ട് പ്രജോഷ് നാട്ടിലെ അങ്കണവാടിക്കായി ഭൂമി വിട്ടുനിൽകുകയായിരുന്നു.

അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന വാടകക്കെട്ടിടത്തിൽ ഏതുനിമിഷവും അടച്ചുപൂട്ടാൻ സാധ്യതയുള്ള അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം നൽകിയാണ് പ്രജോഷും വധു വർഷയും മാതൃകയായത്. പാലക്കാട് മണ്ണൂർ പത്തിരിപ്പാല വേങ്ങാതൊടി സ്വദേശിനിയാണ് വർഷ. വിവാഹദിനത്തിൽ ഇരുവരുംചേർന്ന് വളവന്നൂർ ഏഴാംവാർഡിലെ കുത്തുകല്ലിനു സമീപത്തെ കരണ്ടുപെട്ടി അങ്കണവാടിക്ക് സ്ഥലം വിട്ടുനൽകുകയായിരുന്നു.

രണ്ടരസെന്റ് ഭൂമിയുടെ രേഖകളാണ് പ്രജോഷിന്റെ കുടുംബം പഞ്ചായത്തിനു നൽകിയത്. കന്മനം സ്വദേശിയും സിപിഎം വളവന്നൂർ ലോക്കൽകമ്മിറ്റി അംഗവുമായ വെള്ളിയോട്ട് പ്രേംകുമാറിന്റെയും അനിതയുടെയും മകനാണ് പ്രജോഷ്. ഡിവൈഎഫ്‌ഐ വളവന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് പ്രജോഷ്.

കോവിഡ് കാലമായതിനാൽ വിവാഹത്തിന് വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. ചാർട്ടേഡ് അക്കൗണ്ടന്റായ പ്രജോഷും കുടുംബവും തുടർന്ന് സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് അസൗകര്യത്താൽ വീർപ്പുമുട്ടുന്ന അങ്കണവാടിയുടെ കാര്യം ഓർമ്മയിൽ വരുന്നത്. 14 വർഷമായി വാടകക്കെട്ടിടത്തിൽ ഇടുങ്ങിയ മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. പലതവണ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടാൻ ഒരുങ്ങിയതുമാണ്.

ഭൂമിയുടെ രേഖ ദമ്പതിമാർ വളവന്നൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ മുജീബ്‌റഹ്മാൻ, പ്രതിപക്ഷനേതാവ് പിസി കബീർബാബു എന്നിവർക്ക് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയും നൽകി. തുക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സഖറിയയ്ക്ക് കൈമാറി.

Exit mobile version