ചികിത്സാസഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെ പോലീസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവെന്ന് ഇവര്‍ സമ്മതിച്ചതായും എസിപി കെ ലാല്ജി പറഞ്ഞു.

ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റു രോഗികളുടെ ചികിത്സയ്ക്കായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നാണ് പ്രതികളുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ വസ്തുത പോലീസ് പരിശോധിക്കും.

പരാതിയുമായി ബന്ധപ്പെട്ട് വര്‍ഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. എത്ര പണം ഈ അക്കൗണ്ടില്‍ എത്തിയെന്ന് അപ്പോള്‍ മാത്രമെ വ്യക്തമാകൂ. ആരൊക്കെ പണം അയച്ചെന്നും കണ്ടെത്താനാകും. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിനുമാണു ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ വര്‍ഷ അഭ്യര്‍ഥന നടത്തിയതിനെത്തുടര്‍ന്ന് ഒന്നേകാല്‍ കോടിയിലേറെ രൂപ സമാഹരിച്ചിരുന്നു. ഇതില്‍ ചികിത്സാ ആവശ്യം കഴിഞ്ഞുള്ള തുക മറ്റ് രോഗികള്‍ക്ക് നല്‍കണമെന്ന് ചാരിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിലെത്തിയത്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് കേസ്. പെണ്‍കുട്ടിയുടെ അമ്മ രാധയുടെ ശസ്ത്രക്രിയയ്ക്കായുള്ള പണം കണ്ടെത്താന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ വര്‍ഷയുടെ അക്കൗണ്ടിലേയ്ക്ക് ഒന്നേകാല്‍ കോടിയിലേറെ രൂപ എത്തിയിരുന്നു. ഇതില്‍ ഒരു വിഹിതം ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിയുമായി വര്‍ഷ പോലീസിനെ സമീപിച്ചത്.

Exit mobile version