‘പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍)’; ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്കില്‍ തനിക്ക് വോട്ടുചെയ്തവര്‍ക്ക് നന്ദി അറിയിച്ച് ഒരു പോസ്റ്റുമിട്ടിരുന്നു.

ഇതിന് താഴെ കമന്റിട്ട ആക്ടിവിസ്റ്റ് ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ‘പോടര്‍ക്കാ’ എന്നായിരുന്നു ജസ്ല കമന്റ് ചെയ്തിരുന്നത്.

പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍) എന്നായിരുന്നു ഇതിന് ഫിറോസ് കുന്നംപറമ്പിലിന്റെ മറുപടി. കൂടാതെ കളിയാക്കാന്‍ ഉപയോഗിക്കുന്ന സ്മൈലിയും കമന്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

‘തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി. എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും’ എന്നായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പോസ്റ്റ്.

3066 വോട്ടുകള്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തിയ ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരില്‍ കെടി ജലീല്‍ വിജയിച്ചത്. 2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്.

Exit mobile version