വര്‍ഷയ്ക്ക് ഹവാല പണം ലഭിച്ചിട്ടില്ല, ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്: ഫിറോസ് കുന്നുംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; ഐജി വിജയ് സാഖ്റെ

കൊച്ചി: അമ്മയുടെ ചികിത്സാ സഹായമായി ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖ്റെ. ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും മുന്‍ പണമിടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷയ്ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണവും വന്നത്. അതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. ഇക്കാര്യങ്ങളിലടക്കം വിശദമായ പരിശോധനകള്‍ നടത്തും. കൂടാതെ വര്‍ഷയെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയത് സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വര്‍ഷയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടിയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തി സഹായം അഭ്യര്‍ഥിച്ചത്.
പിന്നാലെ, സോഷ്യല്‍മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തി വര്‍ഷക്ക് വേണ്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് തുകയാണ് എത്തിയത്.

സാജന്‍ കേച്ചേരി ബാങ്ക് അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കണമെന്നും പണം കൈമാറണമെന്നും വര്‍ഷയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ വര്‍ഷ അതിന് വിസമ്മതിച്ചതോടെ വര്‍ഷക്ക് നേരെ വധഭീഷണി വരെ ഉണ്ടാവുകയായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് വര്‍ഷ തന്നെ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ വര്‍ഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

30 ലക്ഷത്തില്‍ താഴെ മാത്രമാണ് ചികിത്സക്കായി വേണ്ടിയിരുന്നത്. എന്നാല്‍ വര്‍ഷ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 60 ലക്ഷത്തിലധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരാള്‍ മാത്രം 80 ലക്ഷം രൂപ നല്‍കിയതായും സൂചനയുണ്ട്. ചികിത്സക്ക് ആവശ്യമായ പണം ലഭിച്ചുവെന്നും ഇനിയും ആരും പണം അയക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നെയും അക്കൗണ്ടിലേക്ക് പണം എത്തുകയായിരുന്നു.

Exit mobile version