പഴയ ജാറും ഫ്‌ലാസ്‌ക്കിന്റെ പുറംചട്ടയും കൊണ്ടൊരു കിടിലന്‍ ഓട്ടമാറ്റിക് സാനിറ്റൈസര്‍; കെഎസ്ആര്‍ടിസി മെക്കാനിക്കിനെ അഭിനന്ദിച്ച് ജീവനക്കാര്‍, മെഷിന്‍ ഏറെ ഉപകാരപ്രദമാണെന്ന് സഹപ്രവര്‍ത്തകര്‍

പയ്യന്നൂര്‍: പഴയ ജാറും പഴയ ഫ്‌ലാസ്‌ക്കിന്റെ പുറംചട്ടയും കിട്ടിയപ്പോള്‍ ഇത് ഉപയോഗിച്ച് ഈ കോവിഡ് കാലത്ത് ഉപയോഗപ്രദമാകുന്ന രീതിയില്‍ എന്തുണ്ടാക്കാന്‍ കഴിയുമെന്ന ആലോചന ഒടുവില്‍ ചെന്നെത്തിയത് ഓട്ടമാറ്റിക് സാനിറ്റൈസര്‍ കിട്ടുന്ന ഉപകരണത്തിലായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, സ്വന്തമായി ഒരു കിടിലന്‍ ഓട്ടമാറ്റിക് സാനിറ്റൈസര്‍ സംവിധാനം തന്നെയങ്ങ് ഉണ്ടാക്കി.

കെഎസ്ആര്‍ടിസി മെക്കാനിക്ക് കണ്ടോത്ത് കോത്തായിമുക്കിലെ എം.വി.ബാബുവാണ് ഡിപ്പോയില്‍ സ്വന്തമായി ഓട്ടമാറ്റിക് സാനിറ്റൈസര്‍ സംവിധാനം ഉണ്ടാക്കിയത്. 1 ലീറ്റര്‍ സാനിറ്റൈസര്‍ നിറയ്ക്കാന്‍ പറ്റുന്ന ഓട്ടമാറ്റിക് സാനിറ്റൈസര്‍ മെഷീനാണ് ബാബു നിര്‍മിച്ചത്.

പഴയ ജാറും പഴയ ഫ്‌ലാസ്‌ക്കിന്റെ പുറംചട്ടയും മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിച്ചാണ് പൊതു മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള ഓട്ടമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ ബാബു ഉണ്ടാക്കിയത്. ജോലിയുടെ ഇടവേളകളിലാണ് ബാബു മെഷീന്‍ നിര്‍മിച്ചത്.

കോവിഡിനെ അകറ്റാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ജാറിന് മുകളില്‍ പ്രസ് ചെയ്യുന്നത് ഗുണപ്രദമല്ലെന്ന തിരിച്ചറിവാണ് ഈ മെക്കാനിക്കിനെ കൈ നീട്ടിയാല്‍ സാനിറ്റൈസര്‍ ലഭിക്കുന്ന മെഷീന്‍ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. ഡിപ്പോയില്‍ സ്ഥാപിച്ച മെഷിന്‍ ഏറെ ഉപകാരപ്രദമാണെന്ന് സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.

Exit mobile version