ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ചാനല്‍, ഇതിന് പിന്നില്‍ ആരാണെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും; മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് ഉയര്‍ന്നത്. ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ന്യൂസ് 18 ചാനല്‍.

ചാനലിന്റെ ലോഗോയും സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വ്യാജപ്രചരണ നടത്തിയത്. ന്യൂസ് 18 ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച്, സ്വപ്നയും സന്ദീപും പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ നിന്നാണെന്നും സ്വപ്ന ഒളിവില്‍ കഴിഞ്ഞത് സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്നും അടക്കമുള്ള വ്യാജപ്രചരണങ്ങളായിരുന്നു നടന്നത്.

ചാനലിന്റെ ലോഗോയും സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. ”ഇതെല്ലാം കള്ളങ്ങളാണ്. വ്യാജമായി ഉണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ടുകള്‍. ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ലോഗോയും സ്‌ക്രീനും. ആരാണ് ഇതിന് പിന്നിലെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും. ഇത് സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും.” എന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് എളയടത്ത് പ്രതികരിച്ചു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല ജാഗ്രത കാണിച്ച് കൊടുത്ത വാര്‍ത്തകള്‍ക്ക് മേലാണ് ഇത്തരം കള്ളങ്ങള്‍ ഉയര്‍ന്നതെന്നും ഇത് വെറുതെ വിടാനാകില്ലെന്നും സനീഷ് എളയടത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സനീഷ് എളയടത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇതെല്ലാം കള്ളങ്ങളാണ്.വ്യാജമായി ഉണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ടുകള്‍. ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ലോഗോയും സ്‌ക്രീനും. ആരാണ് ഇതിന് പിന്നിലെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും . ഇത് സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും.

പ്രതികള്‍ കസ്റ്റഡിയിലായ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ന്യൂസ് 18 ആണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ വി എസ് അനു Anu Vsആണ് ലോകത്തെ ആ വിവരം അറിയിച്ചത്. അറിഞ്ഞ ശേഷവും പല തവണ ക്രോസ് ചെക്ക് ചെയ്താണ് അനു അത് റിപ്പോര്‍ട്ട ചെയ്യുന്നത്. നല്ല ജാഗ്രത കാണിച്ച് അങ്ങനെ കൊടുത്ത വാര്‍ത്തകള്‍ക്ക് മേലാണ് ഇത്തരം കള്ളങ്ങള്‍ . ഇത് വെറുതെ വിടാനാകില്ല.

Exit mobile version