കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു, മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശിയായ വയോധിക ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാംതീയതി ബംഗളൂരില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.

ത്രേസ്യാമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളു എന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞദിവസം 339 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇതോടെ 2795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3710 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണം 300 കടന്നതോടെ കര്‍ശനമായ നിയന്ത്രങ്ങളും ജാഗ്രതയും പുലര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Exit mobile version