എംഎൽഎയുടെ വാഹനത്തിൽ പോലീസ് വാഹനം ഇടിച്ചു; തിരിഞ്ഞുനോക്കാതെ എസ്‌ഐ സ്ഥലംവിട്ടു; പരാതിയുമായി എസ് രാജേന്ദ്രൻ

മൂന്നാർ: ദേവികുളം എംഎൽഎയുടെ വാഹനത്തിൽ ഇടിച്ച പോലീസ് വാഹനം നിർത്താതെ പോയതായി പരാതി. ദേവികുളെ എംഎൽഎ എസ് രാജേന്ദ്രന്റെ വാഹനത്തിൽ ഇടിച്ച ശേഷം എസ്‌ഐയും ഡ്രൈവറും പുറത്തിറങ്ങി നോക്കുക പോലും ചെയ്യാതെ വാഹനമെടുത്ത് പോവുകയായിരുന്നെന്നാണ് എംഎൽഎ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

ദേവികുളം എസ്‌ഐ എൻഎസ് റോയിക്കെതിരെയാണ് എസ് രാജേന്ദ്രൻ എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവമെന്ന് എംഎൽഎ പറയുന്നു. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എംഎൽഎയുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ്‌ഐയുടെ വാഹനം ഇടിക്കുകയായിരുന്നു. പോലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്‌ഐയോ പുറത്തിറങ്ങിയില്ല. എംഎൽഎ ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്‌ഐ ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് ധിക്കാരത്തോടെ പറഞ്ഞ് വേഗത്തിൽ ഓടിച്ചുപോയെന്നും പരാതിയിലുണ്ട്.

ഇക്കാര്യം മൂന്നാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ജനപ്രതിനിധിയായ തന്റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് എംഎൽഎ ചോദിക്കുന്നു. എസ്‌ഐയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് കേടായ തന്റെ വാഹനത്തിന് 15,000 രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നും എംഎൽഎ പറഞ്ഞു. വാഹന പരിശോധനയ്ക്കിടയിലും സ്റ്റേഷനിലെത്തുന്നവരോടും വളരെ മോശമായാണ് എസ്‌ഐ പെരുമാറുന്നതെന്നും ആരോപണമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version