നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം..! മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നു

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി യുഡിഎഫ് സമരം പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു. ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടര്‍ന്നു. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.

അതേസമയം മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം നിയമസഭാ കവാടത്തിനു മുന്നില്‍ തുടങ്ങി. പാറക്കല്‍ അബ്ദുല്ല, എന്‍ ജയരാജ്, വിഎസ് ശിവകുമാര്‍ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്. സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പു കൊടുത്തയച്ചാണു സഭ തടസ്സപ്പെടുത്തിയത്. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നതു ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു

Exit mobile version