ഓട്ടിസമുള്ള മകനെ ഭർത്താവിനെ ഏൽപ്പിച്ച് മാസങ്ങളായി കൊറോണ ഡ്യൂട്ടിയിൽ നീതു; പിറന്നാൾ ആശംസകളുമായി ഭർത്താവ് മനു; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കോട്ടയം: കൊറോണ ഡ്യൂട്ടിക്ക് ഇടയിൽ നഴ്‌സായ നീതുവിന് പിറന്നാൾ ദിനം വെറുമൊരു ഡ്യൂട്ടി ദിവസം മാത്രമാണ്. എന്നാൽ, മൂന്നാമത്തെ റൗണ്ട് കൊവിഡ് ഡ്യൂട്ടിയും ക്വാറന്റൈനും പൂർത്തിയാക്കിയ നീതുവിനെ അഭിനന്ദിച്ചും ആശംസയറിയിച്ചും ഭർത്താവ് മനു വിൻസെന്റ് ആത്മവിശ്വാസം പകർന്നപ്പോൾ മലയാളികൾ ഒന്നടങ്കമാണ് കൂടെ നിന്നത്.

‘ഭാര്യയാണ്… ഇന്ന് പിറന്നാൾ ആണ്. ഡൂയിങ് ഹെർ ബെസ്റ്റ് ഇൻ തലശ്ശേരി… ഇപ്പോൾ മൂന്നാമത്തെ കൊറോണ ഡ്യൂട്ടിയും ക്വാറന്റീനും കഴിഞ്ഞു. ടെസ്റ്റ് നെഗറ്റീവാണ്. അഞ്ച് മാസമായി ഞാനും കുഞ്ഞും അവളെ നേരിട്ട് കണ്ടിട്ട്… ‘ഹാപ്പി ബെർത്ത് ഡേ മൈ ഡിയർ… അയാം പ്രൗഡ് ഓഫ് യു…’ ഫേസ്ബുക്കിലെ മലയാളി ക്ലബിൽ കോട്ടയം അതിരമ്പുഴ മണിയാപറമ്പിൽ മനു വിൻസെന്റ് ഭാര്യയുടെ ചിത്രത്തോടൊപ്പമിട്ട ആശംസയിങ്ങനെ. ലക്ഷക്കണക്കിന് മലയാളികളാണ് ഈ കുറിപ്പ് നെഞ്ചോട് ചേർത്തത്.

അമ്പതിനായിരത്തിലെത്തിനിൽക്കുന്നു.ഞായറാഴ്ച രാത്രിയിലാണ് മനു കുറിപ്പിട്ടത്. അപ്പോൾ ക്വാറന്റീൻ പൂർത്തിയാക്കിയ ഭാര്യ നീതു തലശ്ശേരി സർക്കാർ ആശുപത്രിയിലെ തന്റെ അടുത്ത റൗണ്ട് സേവനത്തിനായി പോകാൻ തയ്യാറെടുക്കുകയായിരുന്നു. അതേസമയം കോട്ടയത്തെ വീട്ടിൽ മകന്റെയും അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കി കഴിയുകയാണ് മനു.

ഫെബ്രുവരിയിലാണ് നീതു ജോസ്‌ലിന് തലശ്ശേരി ആശുപത്രിയിൽ നഴ്‌സായി ജോലി കിട്ടിയത്. ശേഷം ഇതുവരെ വീട്ടിൽ വരാൻ കഴിഞ്ഞിട്ടില്ല. ബയോ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മനു വിദേശത്ത് ജോലി ചെയ്യുന്ന സമയത്താണ് വിവാഹിതനായത് 2010ൽ. പിന്നീട് മകൻ ഉണ്ടായതോടെയാണ് പത്രപ്രവർത്തനം ഉൾപ്പെടെയുള്ള ജോലികളുമായി കോട്ടയത്ത് തുടരാൻ മനു നിർബന്ധിതനായത്.

ചെറിയ രീതിയിൽ ഓട്ടിസം വൈകല്യമുള്ള കുഞ്ഞിന് അമ്മയുടെ മാത്രമല്ല അച്ഛന്റെയും സാമീപ്യം വേണമെന്ന ചിന്തയിലായിരുന്നു ആ തീരുമാനം. നീതുവിന് തലശ്ശേരി സർക്കാർ ആശുപത്രിയിൽ ജോലി കിട്ടിയതോടെ എട്ടുവയസുകാരൻ മകൻ എമിൽ ജോയുടെ കാര്യങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു മനുവിന്. അധികം കഴിയുംമുമ്പ് കൊറോണ രോഗവ്യാപനം തുടങ്ങിയതോടെ നീതുവിന് കോട്ടയത്തേക്ക് വരാൻ കഴിഞ്ഞില്ല. പകരം കണ്ണൂർ പിലാത്തറയിലെ സ്വന്തം വീടായ കൊച്ചുപറമ്പിലേക്ക് മാത്രം ഇടയ്ക്ക് പോയിവന്നാണ് ജോലി ചെയ്യുന്നത്.

മനു മകന്റെ കാര്യം നന്നായി നോക്കുന്നുണ്ടെങ്കിലും അമ്മയായ നീതുവിന് ചില സമയം വല്ലാതെ ഹൃദയം നോവും ‘പക്ഷേ, ജോലിയും പ്രധാനമല്ലേ’ എന്നാണ് മനുവിന് ചോദിക്കാനുള്ളത്.

Exit mobile version