നേവി ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം: പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: നേവി ഉദ്യോഗസ്ഥനായി ചമഞ്ഞ പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. ലഫ്റ്റനന്റായി ആള്‍മാറാട്ടം നടത്തിയ ബംഗാളിലെ നാദിയ സ്വദേശിയായ രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍ ബേസിന് സമീപത്തു നിന്നും അറസ്റ്റിലായത്.

നാവിക സേനയുടെ യൂണിഫോമില്‍ ഇയാള്‍ അനവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നാവിക ഉദ്യോസ്ഥനായി ചമഞ്ഞുള്ള വീഡിയോകളും ഇയാള്‍ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തിരുന്നു.

ഒക്ടോബര്‍ 19-ന് കൊച്ചിയിലെത്തിയ രാജാനാഥ് തേവര, മട്ടുമ്മേലിലെ വാട്ടര്‍ ടാങ്ക് റോഡിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. കൊച്ചിയിലെ കടയില്‍ നിന്നാണ് നാവിക സേനയുടെ യൂണിഫോം ഇയാള്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും നാവിക സേന യൂണിഫോമുകളും ബാഡ്ജുകളും പോലീസ് കണ്ടെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 140 പ്രകാരം ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഇത്തരത്തില്‍ യൂണിഫോം വില്‍ക്കുന്നത് ദേശ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ കേരളത്തില്‍ സൈന്യത്തിന്റെ യൂണിഫോം അനുവാദമില്ലാതെ വില്‍ക്കുന്നത് നിരോധിക്കണമെന്ന് നാവിക സേന ആവശ്യപ്പെട്ടു. കച്ചിലേയും ശ്രീനഗറിലേയും ജില്ലാ ഭരണകൂടങ്ങളും പഞ്ചാബ് സര്‍ക്കാരും യൂണിഫോം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.

നേരത്തേ, തേവര പോലീസ് നാവിക സേനയിലെ കമാന്റര്‍ ആയി ചമഞ്ഞ നിബിത് ഡാനിയേലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും കൊച്ചിയില്‍ യൂണിഫോം ധരിച്ച് തട്ടിപ്പുകള്‍ നടത്തിയിരുന്നു.

Exit mobile version